പാലക്കാട്: ഭർത്താവ് ഭാര്യയെ വിറകുകൊള്ളികൊണ്ട് തലയ്ക്കടിച്ചു കൊന്നു. ചേന്ദങ്കാട് കുന്നത്തു വീട്ടില്‍ വേശുക്കുട്ടി (65)ആണ് മരിച്ചത്.
ഭർത്താവ് വേലായുധനെ (72) കോട്ടായി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ ഒന്നോടെയാണ് ഉറങ്ങി കിടന്ന വേശുക്കുട്ടിയെ വേലായുധൻ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.
മാനസിക അസ്വാസ്ഥ്യമുള്ള വേശുക്കുട്ടി ഉറങ്ങിയ നേരം വിറകുകൊള്ളി ഉപയോഗിച്ച് തലയ്ക്കും മുഖത്തും അടിച്ചാണു കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിനോടു പറഞ്ഞു. സംഭവത്തിനു ശേഷം വീട്ടിലും റോഡിലുമായി സമയം ചെലവഴിച്ച പ്രതി രാവിലെ ഏഴോടെയാണ് സമീപവാസിയായ സഹോദരന്റെ അടുത്തെത്തി വിവരം പറഞ്ഞു. തുടർന്ന് ബന്ധുക്കള്‍ പൊലീസില്‍ വിവരം അറിയിച്ചു. അന്വേഷണത്തില്‍ തലയ്ക്കടിച്ച വിറക് കൊള്ളി കണ്ടെത്തി. വേശുക്കുട്ടിയും ഭർത്താവ് വേലായുധനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
ഇവരുടെ രണ്ടു മക്കളും തൊട്ടടുത്തു തന്നെയാണു താമസം. ഇരുവരും തമ്മില്‍ വഴക്കുകള്‍ പതിവാണ് എന്നാണ് നാട്ടുക്കാർ പറയതുന്നത്. ആലത്തൂർ ഡിവൈഎസ്പി സി.ആർ. സന്തോഷ്, കുഴല്‍മന്ദം സിഐ ആർ. രജീഷ്, കോട്ടായി എസ്‌ഐ ബിജേഷ് എന്നിവർ സംഭവ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി.
