മലപ്പുറം കോട്ടക്കൽ: നിരപ്പറമ്പിൽ കുടുംബ വഴക്കിനിടെ യുവതി ഭർത്താവിനെയും ഭർതൃമാതാവിനെയും കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു.
പള്ളത്ത് വീട്ടിൽ ഭരത്ചന്ദ്രൻ (29), മാതാവ് കോമളവല്ലി (49) എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. സംഭവത്തിൽ ഭരത് ചന്ദ്രന്റെ ഭാര്യ സജീനയെ (23) പൊലീസ് കസ്റ്റഡിയിലെടുത്തു.
പരിക്കേറ്റ രണ്ട് പേരെയും കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം
ഇന്ന് ഉച്ചയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. ദമ്പതികൾ തമ്മിൽ നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ഭരത് ചന്ദ്രൻ സജീനയെ തിരുവനന്തപുരത്തുള്ള അവരുടെ വീട്ടിൽ കൊണ്ടുവിട്ടിരുന്നു. എന്നാൽ, ഇതിനിടെ ഭരത് ചന്ദ്രൻ രണ്ടാമത് വിവാഹം കഴിക്കാനുള്ള നീക്കം നടത്തുന്നതായി അറിഞ്ഞ സജീന മലപ്പുറത്തെ വീട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു.
കയ്യിൽ കരുതിയ പെട്രോളും കത്തിയുമായാണ് സജീന ഭർത്തൃഗൃഹത്തിൽ എത്തിയത്. വീട്ടിനുള്ളിൽ വെച്ചുണ്ടായ വാക്കേറ്റത്തിനൊടുവിൽ ഇവർ ഭർത്താവിനെയും മാതാവിനെയും ആക്രമിക്കുകയായിരുന്നു.
ഭർതൃമാതാവ് കോമള വല്ലിയുടെ വയറ്റിലും ഭരത് ചന്ദ്രന്റെ കൈക്കുമാണ് കുത്തേറ്റത്. പരിക്കേറ്റ ഇരുവരെയുടൻ തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ.
സംഭവത്തിൽ സജീനയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
