തിരൂർ മുത്തൂരിൽ വന്ദേഭാരത് എക്സ്പ്രസ് തട്ടി യുവാവിന്റെ കാൽപാദം അറ്റുപോയി. പുറത്തൂർ പടന്നയിൽ അയ്യക്കുട്ടിയുടെ മകൻ ഷാജി (40) ആണ് അപകടത്തിൽപെട്ടത്.
ഇന്നലെ രാവിലെ 10.50ന് തിരൂർ മുത്തൂരിൽ വച്ചായിരുന്നു അപകടം. തിരൂർ റെയിൽവേ സ്റ്റേഷൻ വിട്ട വന്ദേഭാരത് വരുന്നതു കാണാതെ യുവാവ് ഫോൺ ഉപയോഗിച്ച് പാളത്തിലൂടെ നടക്കുമ്പോഴാണ് അപകടം സംഭവിച്ചതെന്ന് ആർപിഎഫ് പറഞ്ഞു.
ട്രെയിൻ തട്ടി പാളത്തിൽ കിടന്ന യുവാവിനെ നാട്ടുകാരും സ്റ്റേഷനിൽ നിന്നെത്തിയ ആർപിഎഫ് ഉദ്യോഗസ്ഥരും ചേർന്ന് റോഡിലെത്തിച്ചു. തുടർന്ന് തിരൂർ ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റി.
