കോഴിക്കോട്: അതിരാവിലെ ഉഗ്രശബ്ദത്തിൽ പൊട്ടിത്തെറി. എന്തെന്നോ ഏതെന്നോ അറിയാനുള്ള സമയത്തിന് മുമ്പ് ഫാനും ബൾബും ഇൻവെര്‍ട്ടറുകളും എല്ലാം കത്തി, പൊട്ടിത്തെറിച്ചു. ഒരു വീട്ടിലെ അല്ല പ്രദേശത്തെ മുപ്പതോളം വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങളാണ് കത്തിനശിച്ചത്. ബാലുശ്ശേരിയിലെ പനങ്ങാട്, കിനാലൂര്‍, പൂവമ്പായ് പ്രദേശത്തെ വീടുകളിലെ ഉപകരണങ്ങൾക്കാണ് കേടുപാടുകൾ ഉണ്ടായത്. കഴിഞ്ഞ ദിവസം രാവിലെ ഏഴോടെയാണ് സംഭവം. മിക്‌സി, ബള്‍ബുകള്‍, ഇന്‍വര്‍ട്ടറുകള്‍, ഫാനുകള്‍, ഫ്രിഡ്ജ് തുടങ്ങിയ ഉപകരണങ്ങളാണ് നശിച്ചത്. അമിത വൈദ്യുതി പ്രവാഹത്തെത്തുടര്‍ന്നാണ് ഇവയെല്ലാം കത്തിയത്.ഉണ്ണികുളം ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലുള്ള പ്രദേശമാണിത്. വൈദ്യുതി അമിതമായി പ്രവഹിക്കുന്നതറിയാതെ വീണ്ടും ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ചവര്‍ക്ക് കൂടുതല്‍ നാശനഷ്ടമുണ്ടായി. പ്രദേശത്തെ വീട്ടുകാര്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കെ.എസ്.ഇ.ബി തയ്യാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കെ.എസ്.ഇ.ബി ഉന്നത അധികൃതര്‍ക്ക് പരാതി സമര്‍പ്പിച്ചിട്ടുണ്ട്.
