തൃപ്പൂണിത്തുറ പടക്കസംഭരണശാലയിലെ സ്ഫോടനം: മരണം രണ്ടായി



കൊച്ചി: തൃപ്പൂണിത്തുറയിലെ പടക്കസംഭരണശാലയിലുണ്ടായ സ്ഫോടനത്തിൽ മരണം രണ്ടായി. ചികിത്സയിലായിരുന്ന ദിവാകരനാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ വിഷ്ണു എന്നയാൾ രാവിലെ മരിച്ചിരുന്നു. സ്ഫോടനത്തിൽ പരിക്കേറ്റ സ്ത്രീകളും കുട്ടികളുമടക്കം 16 പേരെ തൃപ്പൂണിത്തുറ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരിൽ നാല് പേരെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. വൈകുന്നേരം 7 മണിയോടെയാണ് ദിവാകരൻ മരണത്തിന് കീഴടങ്ങിയതെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. എന്നാൽ, ഇയാളുടെ മറ്റു വിവരങ്ങൾ ലഭ്യമായിട്ടില്ല. തീവ്രപരിചരണത്തിൽ പൊള്ളൽ ഐസിയുവിൽ ചികിത്സയിലായിരുന്ന ദിവാകരന് അടിയന്തിര ശസ്ത്രക്രിയ നടത്തിയിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

      തൃപ്പൂണിത്തുറയിലെ പടക്കസംഭരണശാലയിലേക്ക് എത്തിച്ച വൻ പടക്കശേഖരം പൊട്ടിത്തെറിച്ചാണ് നാടിനെയാകെ നടുക്കിയ അപകടമുണ്ടായത്. പാലക്കാട്ട് നിന്നും ഉത്സവത്തിനെത്തിച്ച പടക്കങ്ങളാണ് വാഹനത്തിൽ നിന്നിറക്കുമ്പോൾ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം. തെക്കുംഭാഗം, ചൂരക്കാട്ടിലെ പടക്ക സംഭരണശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. പുതിയകാവ് ക്ഷേത്രോത്സവത്തിനായി കൊണ്ടുവന്ന പടക്കങ്ങളാണ് പൊട്ടിത്തെറിച്ചത്. സമീപത്തെ 45 ഓളം വീടുകൾക്കും കേടുപാടുകളുണ്ടായി. ഒരു കിലോമീറ്റർ അകലെവരെ പൊട്ടിത്തറിയുടെ പ്രകമ്പനമുണ്ടായി. അരകിലോമീറ്റർ അകലെ വരെ സ്ഫോടകാവശിഷ്ടങ്ങളുമെത്തി. ഒരു കിലോമീറ്റർ അകലെ നിന്നും വരെ സ്ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. 

       രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. അടുത്തുളള വീടുകളെല്ലാം തകർന്നു. ആദ്യഘട്ടത്തിൽ 25 വീടുകൾക്ക് കേടുപാടുണ്ടായെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ 45ഓളം കെട്ടിടങ്ങൾ തകർന്നതായി പ്രദേശവാസികൾ പറഞ്ഞു. അനുമതിയില്ലാതെയാണ് സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു. സ്ഫോടക വസ്തുക്കൾ സൂക്ഷിക്കാൻ അനുമതിയുണ്ടായിരുന്നില്ലെന്ന് ജില്ലാ കലക്ടറും സ്ഥിരീകരിച്ചിട്ടുണ്ട്.

     അതേസമയം, വാഹനത്തിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് ആവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മറ്റ് അപകട സാദ്ധ്യതകള്‍ കാണുന്നില്ലെന്നും ഫോറന്‍സിക് വിദഗ്ധരുടെ പരിശോധനയില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും ഫയര്‍ ഫോഴ്‌സ് അധികൃതര്‍ അറിയിച്ചു. 

      പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി

Post a Comment

Previous Post Next Post