വഴിയരികില്‍ ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി ഒരാള്‍ മരിച്ചു; 10പേർക്ക്​ പരിക്ക്​, രണ്ടു പേരുടെ നില ഗുരുതരംകൊല്ലം:ഇന്നലെ രാത്രി വഴിയരികില്‍ ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി ഒരാള്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു. തമിഴ്നാട് കൊടമംഗലം സ്വദേശിയും ഭിന്നശേഷിക്കാരനുമായ പരശുരാമന്‍ (60) ആണ് മരിച്ചത്. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. അപകടത്തില്‍പ്പെട്ടവരെല്ലം തമിഴ്നാട്ടിലെ കൊടമംഗലം സ്വദേശികളാണെന്ന്​ പൊലീസ്​ അറിയിച്ചു. കടലോരത്ത് വിവിധ ജോലികള്‍ ചെയ്തും ഭിക്ഷാടനം നടത്തിയും കഴിഞ്ഞിരുന്നവരാണ് അപകടത്തില്‍പ്പെട്ടവര്‍.

ഇന്നലെ രാത്രി 11.15ഓടെ​ കൊല്ലം മൂതാക്കരയിലാണ് സംഭവം. വഴിയരികില്‍ അടുത്തടുത്തായി കിടന്ന് ഉറങ്ങുകയായിരുന്നു അപകടത്തില്‍പ്പെട്ടവര്‍. പരശുരാമ(60)ന്റെ തലയിലൂടെ ബൈക്ക് പാഞ്ഞുകയറി. കണ്ണിന് ഗുരുതരമായി പരിക്കേറ്റ സരസ്വതിയെയും രാജിയെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സരസ്വതിക്ക് തലക്ക്​ പൊട്ടലുണ്ട്. തോളെല്ലിനും ഗുരുതരമായി പരിക്കേറ്റു.

കീരസ്വാമി (60), അറുമുഖം (54), തങ്കരാജ് (80), കാവേരി (80), വീരസ്വാമി (60), ചന്ദ്രമണി (45), സുശീല (52), സുന്ദരി (58) എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവര്‍. ഇവര്‍ കൊല്ലം ജില്ല ആശുപത്രിയില്‍ ചികിത്സതേടി. ബൈക്കില്‍ രണ്ടുപേരാണ് ഉണ്ടായിരുന്നത്. ബൈക്ക് ഓടിച്ച പള്ളിത്തോട്ടം സ്വദേശി സുബിനും (24) പരിക്കേറ്റു. ഇയാള്‍ ജില്ല ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ബൈക്കിലുണ്ടായിരുന്നവര്‍ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.Post a Comment

Previous Post Next Post