കൊല്ലം: കൊല്ലം എസ്.എൻ കോളേജ് ജംഗ്ഷനിലെ കൂറ്റൻ ആല്‍മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണു വാഹനങ്ങള്‍ക്കും ബങ്കുകള്‍ക്കും കേടുപാട് സംഭവിച്ചു.
ടാക്സി ഡ്രൈവർമാരായ മണിയുടെയും ജയിംസിന്റെയും കാറുകള്‍, ജീവൻ, ബാബു എന്നിവരുടെ ബങ്കുകള്‍ എന്നിവയ്ക്കും സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന രണ്ട് ഇരുചക്ര വാഹനങ്ങള്‍ക്കുമാണ് കേടുപാടുണ്ടായത്.
ഇന്നലെ രാവിലെ 9.30നായിരുന്നു അപകടം. ഒടിഞ്ഞ ശിഖരം താഴെയുള്ള ടാക്‌സി സ്റ്റാൻഡില്‍ കിടന്നിരുന്ന കാറുകള്‍ക്കും ബങ്കുകള്‍ക്കും മുകളിലേക്ക് പതിക്കുകയായിരുന്നു. മില്‍മ ബൂത്തും ചായക്കടയും ഒരുമിച്ചുള്ള ജീവന്റെ ബങ്ക് പൂർണമായും തകർന്നു. ബാബുവിന്റെ കടയുടെ ഒരു വശത്താണ് കേടുപാട്. അപകടം നടക്കുമ്ബോള്‍ മണി കാറിനുള്ളിലും ജീവൻ കടയ്ക്കുള്ളിലും ഉണ്ടായിരുന്നെങ്കിലും ശിഖരം ഒടിയുന്ന ശബ്ദം കേട്ടയുടനെ പുറത്തേക്ക് ഇറങ്ങിയതിനാല്‍ പരിക്കേല്‍ക്കാതെ
രക്ഷപ്പെട്ടു.
സാധാരണ രാവിലെ വിദ്യാർത്ഥികള്‍ ഇതുവഴി കടന്നുപോകുന്നതാണ്. ഇന്നലെ ശിഖരം ഒഴിഞ്ഞുവീഴുമ്ബോള്‍ വിദ്യാർത്ഥികളില്ലാതിരുന്നത് ഭാഗ്യമായി. കടപ്പാക്കടയില്‍ നിന്ന് ഫയർഫോഴ്സ് സംഘമെത്തി ശിഖരങ്ങള്‍ മുറിച്ചുമാറ്റി. ഗതാഗത സ്തംഭനം കൊല്ലം ഈസ്റ്റ് പൊലീസെത്തി പരിഹരിച്ചു.
