രോഗിയുമായി പോയ ആംബുലൻസ് ലോറിയുമായി കൂട്ടിയിടിച്ച് രോഗി മരിച്ചു. ആംബുലൻസ് ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്ക്ഇടുക്കി: കുഞ്ചിത്തണ്ണിയിൽ രോഗിയുമായിപോയ ആംബുലൻസ് ലോറിയുമായി കൂട്ടിയിടിച്ച് രോഗി മരിച്ചു. ആംബുലൻസ് ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർക്കു പരിക്കേറ്റു. കുഞ്ചിത്തണ്ണി കണ്ടോത്താഴത്ത് രതീഷ് (42) ആണ് മരിച്ചത്. രതീഷിന്റെ മാതാവ് രാധാമണി ( 65) ആംബുലൻസിന്റെ ഡ്രൈവർ പോത്താനിക്കാട് സ്വദേശി അൻസൽ (26) എന്നിവർക്കാണ് പരിക്കേറ്റത്

രാധാമണിയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും അൻസലിനെ എറണാകുളത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശനിയാഴ്‌ച ഉച്ചയോടെ എം.സി റോഡിൽ കൂത്താട്ടുകുളത്തിന് സമീപത്തു വെച്ചാണ് അപകടമുണ്ടായത്. ആദ്യം ലോറിയിൽ ഇടിച്ച ആംബുലൻസ് പിന്നീട് മൺതിട്ടയിൽ ഇടിച്ചാണ് നിന്നത്.


അസുഖബാധിതനായ രതീഷിനെ ആദ്യം കോതമംഗലത്തെ ആശുപത്രിയിലാണ് എത്തിച്ചത്. അവിടെ നിന്ന് കോട്ടയത്തിന് കൊണ്ടുപോകാൻ പറഞ്ഞതനുസരിച്ച് കോതമംഗലത്ത് നിന്നും വിളിച്ച ആംബുലൻസിൽ കോട്ടയത്തിന് പോകുമ്പോഴാണ് അപകടം ഉണ്ടായത്. ആംബുലൻസിൽ രതീഷിൻ്റെ കൊച്ചച്ചൻ സതീശനും ആംബുലൻസ് ഡ്രൈവറുടെ സഹായിയുമുണ്ടായിരുന്നു. ഇവർ രണ്ടുപേരും പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു .കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനുശേഷം സംസ്കാരം നടത്തി. പിതാവ് പരേതനായ രാജൻ. സഹോദരി: സ്‌മിത.

Post a Comment

Previous Post Next Post