കണ്ണൂർ വിമാന താവളത്തിൻ്റെ ചുറ്റുമതിൽ തകർന്നു വീടുകളിൽ വെള്ളം കയറി



കണ്ണൂർ: കനത്ത മഴയില്‍ കണ്ണൂർ വിമാനത്താവളത്തിന്‍റെ ചുറ്റുമതില്‍ തകർന്നു വെള്ളം കുത്തിയൊഴുകി വീടുകളില്‍ വെള്ളം കയറി.

കഴിഞ്ഞദിവസം അർധരാത്രി 12 ഓടെ കല്ലേരിക്കരയില്‍ വിമാനത്താവള കവാടത്തിന് സമീപത്തായിരുന്നു സംഭവം.


ശക്തമായ മഴയില്‍ വിമാനത്താവളത്തില്‍ നിന്ന് ഒഴുകിയെത്തിയ വെള്ളത്തിന്‍റെ സമ്മർദം കാരണം ചെങ്കല്ല് കൊണ്ട് നിർമിച്ച ചുറ്റുമതില്‍ തകരുകയായിരുന്നു. മതില്‍ തകർന്ന സ്ഥലത്തിലൂടെ വെള്ളം കുത്തിയൊഴുകി സമീപത്തെ വീടുകളിലും ബൈക്ക് വർക്ക് ഷോപ്പിലും വെള്ളം കയറി. ഓട്ടോ ഡ്രൈവർ കെ. മോഹനന്‍റെ വീട്ടിനുള്ളിലേക്ക് വെള്ളം ഇരച്ചു കയറിയതിനാല്‍ വീട്ടുപകരണങ്ങളും വീട്ടുമുറ്റത്ത് പാകിയ ഇന്‍റർ ലോക്ക് അടക്കം നശിച്ചു.


വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോയ്ക്കും കാറിനും കേടുപാടുകളുണ്ടായി. സമീപത്തെ കെ.സുമേഷിന്‍റെ വീട്ടിലും വെള്ളം കയറി. റോഡരികിലെ ബിജുവിന്‍റെ ബൈക്ക് വർക്ക് ഷോപ്പില്‍ വെള്ളം കയറിയതിനാല്‍ സാധനങ്ങള്‍ ഒഴുകിപ്പോവുകയും പിൻഭാഗത്തെ ചുറ്റു മതില്‍ തകരുകയും ചെയ്തു.


വർഷങ്ങള്‍ക്കുമുമ്ബും ഇതേ സ്ഥലത്ത് ചുറ്റുമതില്‍ തകർന്നതിനാല്‍ സമീപത്തെ വീടുകളില്‍ വെള്ളം കയറി നാശനഷ്‌ടമുണ്ടായിരുന്നു. മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ.ഷാജിത്ത്, കൗണ്‍സിലർ നിഷ, കിയാല്‍ അധികൃതർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. വീടുകളില്‍ കയറിയ ചെളി നീക്കം ചെയ്തു.


Post a Comment

Previous Post Next Post