ചൂരല്‍മല ദുരന്തത്തിൽ പകച്ച് ചെട്ടിയാർതൊടി കുടുംബം; 26 പേരെ കാണാതായി, കിട്ടിയത് മൂന്ന് മൃതദേഹം



വയനാട്  ചൂരല്‍മല : പ്രകൃതിയുടെ നരവേട്ടയില്‍ ചൂരല്‍മല സ്കൂള്‍ റോഡിലെ ചെട്ടിയാർതൊടി കുടുംബത്തിനുണ്ടായത് സമാനതകളില്ലാത്ത നഷ്ടം.

തറവാട് അടക്കം നാല് വീടുകളിലെ 26 പേരെയാണ് ഉരുള്‍പൊട്ടലില്‍ കാണാതായത്. സ്ത്രീകളും കുട്ടികളും അടക്കം ഒരുമിച്ച്‌ അന്തിയുറങ്ങിയവർ താമസിച്ച വീടിന്റെ സ്ഥാനത്ത് ചളിയും കല്ലും മരത്തടികളും മാത്രമാണിപ്പോള്‍. ഒരു വീട്ടില്‍ അഞ്ച്, മറ്റൊരിടത്ത് രണ്ട്, വേറൊരിടത്ത് വിരുന്നുവന്ന ബന്ധുക്കളടക്കം 11, മറ്റൊരു വീട്ടില്‍ എട്ടുപേർ എന്നിങ്ങനെയാണ് കാണാതായത്. 

കുടുംബത്തിലെ മൂന്നു വയസ്സുള്ള കുട്ടിമുതല്‍ വയോധികനെവരെയാണ് കാണാതായതെന്ന് മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ മൃതദേഹം തിരിച്ചറിയാൻ കാത്തുനിന്ന കുടുംബാംഗം അയ്യൂബും മകൻ മുഹമ്മദ് റയ്ഹാനും 'മാധ്യമ'ത്തോട് പറഞ്ഞു. തന്റെ സഹോദരങ്ങള്‍ അടക്കമുള്ളവരെയാണ് ഇരുട്ടി നേരം വെളുത്തപ്പോഴേക്കും മലവെള്ളപ്പാച്ചില്‍ ഒഴുക്കിക്കളഞ്ഞത്. താൻ 12 വർഷം മുമ്ബ് മറ്റൊരു സ്ഥലത്ത് വീടുവെച്ച്‌ താമസിച്ചതിനാല്‍ ഒഴിവായി.

അനിയൻ അബ്ദുസത്താർ, ഭാര്യ അഫീദ, മക്കളായ നൈഷാൻ, അഫ് ലഹ, ഹംദാൻ എന്നിവരായിരുന്നു ഒരു വീട്ടില്‍. ഇതില്‍ നൈഷാന്റെയും ഹംദാന്റെയും മൃതദേഹം ലഭിച്ചു. മറ്റൊരു വീട്ടില്‍ സഹോദരി സൈനബ, ഭർത്താവ് അബ്ദുറഹിമാൻ എന്നിവരും വേറൊരു വീട്ടില്‍ സഹോദരി സല്‍മ, ഭർത്താവ് യൂസുഫ്, മകൻ ഷമീർ, ഷമീറിന്റെ ഭാര്യ ഷഹാന, രണ്ടു മക്കള്‍, ബന്ധുക്കളായ അഫ്സലും ഭാര്യയും മൂന്ന് മക്കളും ഉണ്ടായിരുന്നു. ഇവരെയൊന്നും കണ്ടെത്തിയിട്ടില്ല. നാലാമത്തെ വീട്ടില്‍ സഹോദരി സല്‍മയുടെ മകൻ മുനീർ, ഭാര്യ റുക്സാന, മക്കളായ ഇജാസ്, അമല്‍ നിഷാൻ, റുക്സാനയുടെ ഉമ്മ, ഉപ്പ, ബന്ധുവായ മൂന്ന് വയസ്സുകാരി എന്നിവരുണ്ടായിരുന്നു. ഇതില്‍ റുക്സാനയുടെ മൃതദേഹം മാത്രമാണ് ലഭിച്ചത് -അയ്യൂബ് കണ്ണീരോടെ പറഞ്ഞു.

Post a Comment

Previous Post Next Post