കോഴിക്കോട് മേപ്പയ്യൂർ: കല്ലങ്കിയിൽ ബസ്സപകടം. നിരവധി പേർക്ക് പരിക്ക്. ഇന്ന് കാലത്താണ് സംഭവം. മേപ്പയ്യൂർ- കൊയിലാണ്ടി റൂട്ടിൽ നരക്കോടിനടുത്താണ് കല്ലങ്കി. രാവിലെ സമയമായതിനാൽ വിദ്യാർഥികൾ, ജീവനക്കാർ, തൊഴിലാളികൾ തുടങ്ങിയവരായിരുന്നു, യാത്രക്കാരിലധികവും.
നരക്കോട് കല്ലങ്കി ഇറക്കത്തിലാണ് ബസ് മറിഞ്ഞത്. കൊയിലാണ്ടി - മേപ്പയ്യൂർ റൂട്ടിൽ സർവീസ് നടത്തുന്ന KL57C 2430 നമ്പർ അരീക്കൽ ബസാണ് അപകടത്തിൽ പെട്ടത്. സ്റ്റിയറിംഗ് റാഡ് പൊട്ടി നിയന്ത്രണം വിട്ട് തൊട്ടടുത്ത പറമ്പിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഇടതുഭാഗത്തുള്ള 15 അടിയോളം താഴ്ചയുള്ള പറമ്പിലേക്കാണ് ബസ് മറിഞ്ഞത്. രാവിലെ ഏഴേ കാലോടെയാണ് സംഭവം. സ്കൂൾ വിദ്യാർത്ഥികളാണ് ബസിൽ ഉണ്ടായിരുന്ന യാത്രികരിൽ കൂടുതലും.
നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ എത്തിച്ചു.നിസാര പരിക്കുകൾ പറ്റിയവരിൽ ബസ് കണ്ടക്ടറെയും വിദ്യാർത്ഥികളെയും കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി.