എടത്വാ: സ്വകാര്യ ആശുപത്രിയിലെ ട്രെയിനിങ് കഴിഞ്ഞ് എത്തേണ്ടിയിരുന്ന മകന്റെ വരവുകാത്തിരുന്ന അമ്മ കണ്ടത് മകന്റെ ചേതനയറ്റ ശരീരം.
തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തിങ്കളാഴ്ച വൈകിട്ട് ട്രെയിനിങിനായി പുറപ്പെട്ട എടത്വാ ചങ്ങങ്കരി തുണ്ടിയില്‍ സജീവന്റെ മകൻ രോഹിത് സജീവിന്റെ (19) ചേതനയറ്റ ശരീരമാണ് മാതാവ് പ്രീതി, എടത്വയിലെ സ്വകാര്യ മോർച്ചറിക്ക് മുന്നില്‍ വെച്ച് കാണുന്നത്.
രാവിലെ 8.30 ന് അമ്ബലപ്പുഴ - തിരുവല്ല സംസ്ഥാന പാതയില്‍ വെട്ടുതോട് എസ്‌എൻഡിപി കുട്ടനാട് സൗത്ത് യൂണിയൻ ഓഫീസിന് സമീപത്തു വെച്ചുണ്ടായ അപകടത്തിലാണ് രോഹിത് മരണപ്പെട്ടത്. അമ്ബലപ്പുഴയില്‍ നിന്നും മീൻ കയറ്റിവന്ന മിനി ടെമ്ബോ മറ്റൊരു സ്കൂട്ടറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് രോഹിത് സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. തല്‍ക്ഷണം മരിച്ച രോഹിതിന്റെ മൃതദേഹം എടത്വാ സ്വകാര്യ ആശുപത്രി മോർച്ചറിയില്‍ എത്തിച്ചിരുന്നു.
മോർച്ചറിക്ക് മുൻപില്‍ അലമുറയിട്ട് കരഞ്ഞ പ്രീതിയെ സമാധാനിപ്പിക്കാൻ കണ്ടുനിന്നവർക്കായില്ല. പ്രഭാത ഭക്ഷണം തയ്യാറാക്കി മകന്റെ വരവിനായി കാത്തിരുന്ന പ്രീതിയുടെ കാതുകളിലാണ് മകന്റെ വിയോഗ വാർത്തയാണെത്തിയത്. പ്രീതിയുടെ കരച്ചില്‍ കണ്ടുനില്‍ക്കാൻ കഴിയാതെ കൂടി നിന്നവരുടെ കണ്ണുകള്‍ ഈറനണിഞ്ഞു.
പ്ലസ് ടു കഴിഞ്ഞ് മെഡിക്കല്‍ മേഖല തെരഞ്ഞെടുത്ത രോഹിത് വിദേശത്തു പോകാനായുള്ള ട്രെയിനിങിന്റെ ഭാഗമായാണ് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയത്. പിതാവ് സജീവ് വിദേശത്ത് ജോലി ചെയ്തു വരുകയാണ്. ട്രെയിനിങിഗിന് ശേഷം വിദേശത്തേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. അപകടത്തെ തുടർന്ന് എടത്വാ പോലീസ് മേല്‍നടപടി സ്വീകരിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദ്ദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്കാരം വ്യാഴാഴ്ട നടക്കും. മാതാവ് - പ്രീത. ഏക സഹോദരൻ - കാർത്തിക്.