പ്ലാറ്റ്ഫോമിൽ നിന്ന് തീവണ്ടിക്കടിയിലേക്ക് വീണു; അതിഥിത്തൊഴിലാളിയുടെ കാലുകളറ്റു



പാലക്കാട്: പാലക്കാട് ജങ്ഷൻ  റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽനിന്ന് ചരക്കുതീവണ്ടിക്കടിയിൽ വീണ് അതിഥിത്തൊഴിലാളിയുടെ ഇരുകാലുകളും അറ്റുപോയി.

വെസ്റ്റ് ബംഗാള്‍ മീര സ്വദേശി സബീർ സെയ്ഖിനാണ് (35) കാലുകള്‍ നഷ്ടമായത്.

തീവണ്ടിയുടെ ചക്രം കയറിയിറങ്ങി രണ്ടു കാലുകളുടെയും മുട്ടുകാലിന് താഴെയുള്ള ഭാഗമാണ് അറ്റുപോയത്. ഇയാളെ ആദ്യം ജില്ലാ ആശുപത്രിയിലേക്കും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി.

തിങ്കളാഴ്ച വൈകീട്ട് 6.15-ഓടെയാണ് സംഭവം. കോയമ്ബത്തൂർ ഈറോഡ് ഭാഗത്തേക്ക് പോകാനായി രണ്ടാമത്തെ പ്ലാറ്റ്ഫോമില്‍ നിർത്തിയിട്ടിരിക്കുകയായിരുന്നു ചരക്കുതീവണ്ടി. വണ്ടി മുന്നോട്ടെടുത്ത സമയം പ്ലാറ്റ്ഫോമില്‍ നിന്ന സബീർ തീവണ്ടിക്കും പ്ലാറ്റ്ഫോമിനും ഇടയിലേക്ക് വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.


തീവണ്ടിയുടെ പിറകിലെ കോച്ചുകളുടെ ചക്രങ്ങളാണ് കാലിലൂടെ കയറിയത്. തീവണ്ടിയിലേക്ക് ഓടിക്കയറാൻ ശ്രമിച്ചതാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് റെയില്‍വേ പോലീസ് പറഞ്ഞു.

അപകടം കണ്ട് റെയില്‍വേ ജീവനക്കാരും യാത്രക്കാരും ചേർന്നാണ് സമീറിനെ ആംബുലൻസില്‍ ആശുപത്രിയിലെത്തിച്ചത്. കാലുകള്‍ പ്രത്യേക പെട്ടിയിലാക്കിയാണ് വിദഗ്ധചികിത്സയ്ക്കായി കോഴിക്കോട്ടേക്ക് കൊണ്ടുപോയത്.

കോഴിക്കോട്ടുള്ള സ്വകാര്യ ടൈല്‍സ് കടയില്‍ ജോലിക്കാരനാണ് സബീർ. സബീർ മുമ്ബ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ഉടമയയെയും വീട്ടുകാരെയും ആശുപത്രി അധികൃതർ വിവരമറിയിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post