കനത്ത കാറ്റിലും മഴയിലും സംസ്ഥാനത്ത് വിവിധയിടങ്ങളിൽ റെയിൽവേ ട്രാക്കിലേക്ക് മരങ്ങൾ കടപുഴകി ട്രെയിൻ ഗതാഗതം താറുമാറായി. റെയില്‍വേയുടെ വൈദ്യുതലൈനും പൊട്ടിവീണു. കല്ലായി-ഫറോക്ക് റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ അരീക്കാട് മേഖലയിലും ആലുവയിലുമാണ് മരം ട്രാക്കിലേക്ക് പൊട്ടി വീണ് ഗതാഗതം പൂർണമായും സ്തംഭിച്ചത്.
കോഴിക്കോട് അരീക്കാടുണ്ടായ ചുഴലിക്കാറ്റിൽ റെയിൽവേ ട്രാക്കിലേക്ക് മൂന്നു മരങ്ങൾ കടപുഴകി വീണു. വീടിന്റെ മേൽക്കൂര റെയിൽവേ ട്രാക്കിലേക്ക് പറന്നുവീണു. റെയിൽവേ ട്രാക്കിന്റെ വൈദ്യുതി ലൈൻ ഉൾപ്പെടെ കാറ്റിൽ തകർന്നു. അപകടത്തെ തുടർന്ന് ട്രെയിൻ സർവീസ് നിർത്തിവെച്ചു. അരമണിക്കൂറിനകം ഗതാഗതം പുനസ്ഥാപിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
കൊച്ചി ആലുവ അമ്പാട്ടുകാവിൽ റെയിൽവേ ട്രാക്കിലേക്കും മരം വീണു. ഇരുഭാഗത്തേക്കുമുള്ള ട്രാക്കുകളിലും മരം വീണതോടെ ട്രെയിൻ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. എറണാകുളം ഭാഗത്തേക്കുള്ള ട്രെയിനുകൾ അങ്കമാലിയിൽ പിടിച്ചിട്ടിരിക്കുകയാണ്. തൃശ്ശൂർ ഭാഗത്തേക്കുള്ള ട്രെയിനുകൾ എറണാകുളത്തും പിടിച്ചിട്ടിരിക്കുകയാണ്.