കോഴിക്കോട് വടകര: കനത്ത മഴ തുടരുന്നതിനിടയിൽ ദേശീയപാതയിൽ കൂടുതൽ പ്രദേശങ്ങളിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടു. മൂരാട് പാലത്തിനു സമീപവും വിള്ളലുണ്ടായിരിക്കുകയാണ്. മാസങ്ങൾക്കു മുമ്പ് പണി കഴിഞ്ഞ ഭാഗത്താണ് വിള്ളൽ. ചെറിയ രൂപത്തിലുണ്ടായിരുന്ന വിള്ളലിന്റെ വ്യാപ്തി വർധിക്കുന്നതായാണ് അനുഭവപ്പെടുന്നത്. പയ്യോളിയിൽ നിന്ന് വടകരക്കു വരുമ്പോൾ ഇടതുഭാഗത്താണ് പത്ത് മീറ്ററോളം നീളത്തിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിൽ തന്നെ നിർമാണത്തിലെ അപാകതകൾക്കെതിരെ നാട്ടുകാരും സംഘടനകളും പ്രതിഷേധവുമായി
രംഗത്തുവന്നിരുന്നു. അന്ന് താൽക്കാലിക നടപടി കൈക്കൊണ്ട് പ്രതിഷേധം തണുപ്പിക്കുകയാണ് ചെയ്തത്. അതിനടുത്താണ് ഇപ്പോൾ വിള്ളൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ച രാത്രിയാണ് ഇക്കാര്യം നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. പോലീസ് ഉൾപെടെ അധികാരികൾ ഇവിടെ എത്തി.