മതിലിടിഞ്ഞുവീണ് വീട് തകര്‍ന്നു.. വീട്ടുടമ രക്ഷപ്പെട്ടു, കിടന്നുറങ്ങുകയായിരുന്ന വളർത്തുനായ ചത്തു

 


ശക്തമായ മഴയില്‍ മതിലിടിഞ്ഞുവീണ് വീട് തകര്‍ന്നു. പേയാട് അരുവിപ്പുറം റോഡില്‍ ആറ്റുൂര്‍ക്കോണം ഗ്രേസ് കോട്ടേജില്‍ നാഗമ്മയുടെ വീടാണ് ഞായറാഴ്ച രാവിലെ തകര്‍ന്നത്. അപകടത്തില്‍ വീട്ടുടമയായ അറുപതുകാരി അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇവരുടെ വളര്‍ത്തുനായ മണ്ണിനടിയില്‍പ്പെട്ട് ചത്തു.


മഴയെ തുടർന്ന് സമീപത്തെ മതില്‍ ഷീറ്റിട്ട വീടിനുമുകളിലേയ്ക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. രാവിലെ എട്ടുമണിയോടെ പുറത്തേക്കിറങ്ങാന്‍ നാഗമ്മ തയ്യാറാകുന്നതിനിടയിലാണ് സംഭവം. കോണ്‍ക്രീറ്റ് മതില്‍ വീടിന്റെ പിന്‍ഭാഗത്തെ സിമന്റ് കട്ടകെട്ടിയ ചുമരിലേയ്ക്കാണ് ഇടിഞ്ഞുവീണത്. ഈ സമയം സമീപത്ത് വളര്‍ത്തുനായ കിടന്നുറങ്ങുകയായിരുന്നു. മതിലിന്റെയും ചുമരിന്റെയും അവശിഷ്ടങ്ങള്‍ക്കിടയിലായ നാഗമ്മയെ സമീപവാസികളായ ശ്യാമും സുരേഷും ചേര്‍ന്ന് രക്ഷിച്ച് ഉടന്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണ്ണിനടിയില്‍പ്പെട്ട നായയെ ചത്തനിലയില്‍ പിന്നീട് പുറത്തെടുത്തു.


വിളപ്പില്‍ പഞ്ചായത്തിലെ പേയാട് വാര്‍ഡില്‍ താമസിക്കുന്ന നാഗമ്മയ്ക്ക് ലൈഫ് പദ്ധതിയില്‍ വീട് വയ്ക്കാന്‍ സഹായം നല്‍കിയിരുന്നു. ഇതിന്റെ അടിത്തറനിര്‍മാണം സമീപത്തുനടക്കുകയാണ്. രണ്ട് പെണ്‍മക്കളാണ് നാഗമ്മയ്ക്ക്. ഇവര്‍ സമീപ പ്രദേശത്താണ് താമസിക്കുന്നത്. ശനിയാഴ്ച രാത്രിവരെ മൂത്തമകള്‍ ധന്യയും അവരുടെ രണ്ട് പെണ്‍മക്കളും നാഗമ്മയുടെ വീട്ടിലുണ്ടായിരുന്നു. ഇവര്‍ രാത്രി അവര്‍ താമസിക്കുന്ന വാടകവീട്ടിലേക്ക് പോയിരുന്നു

Post a Comment

Previous Post Next Post