കൊച്ചി ഏലൂർ: ശക്തമായ മഴയിലും കാറ്റിലും പാട്ടുപുരക്കലിൽ ആൽമരത്തിന്റെ ശിഖരം അടർന്നുവീണ് അധ്യാപികക്കും വിദ്യാർഥിനിക്കും പരിക്കേറ്റു. മഞ്ഞുമ്മൽ ഗാർഡിയൻ എയ്ഞ്ചൽസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയായ ചേരാനല്ലൂർ തോട്ടകത്ത് സ്ലെഷിൻ സാജു (48 ), ഇതേ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ഏലൂർ മണ്ടാരപ്പറമ്പിൽ കീർത്തി കൃഷ്ണകുമാർ (13) എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശക്തമായ മഴയിൽ നൂറ്റാണ്ട് പഴക്കം ചെന്ന ആൽമരമാണ് സ്റ്റോപ്പിലേക്ക് ഒടിഞ്ഞു വീണത്. സമീപത്തെ വീടിന്റെ സൺഷേഡിനും പലചരക്ക് കടയ്ക്കും കേടുപാട് സംഭവിച്ചു. അപകടത്തിൽ പരിക്കേറ്റവരെ മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വിദ്യാർഥിനിയെ വിദഗ്ധ ചികിത്സക്ക് അമൃത ആശുപത്രിയിലേക്ക് മാറ്റി.
മരം അഗ്നിരക്ഷാ സേന, കെ.എസ്.ഇ.ബി, നാട്ടുകാർ തുടങ്ങിയവർ ചേർന്ന് മുറിച്ചുമാറ്റി. തുടർന്ന് ഏലൂർ-മേത്താനം റോഡിൽമണിക്കൂറുകൾ ഗതാഗതം സ്തംഭിച്ചു. സ്വകാര്യ കേബിൾ നടത്തിപ്പുകാർക്കും വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞത് മൂലം കെ.എസ്.ഇ.ബിക്കും ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായിട്ടുണ്ട്