വടക്കൻ വിയറ്റ്നാമില്‍ വിനോദസഞ്ചാരികളുമായി പോയ ബോട്ടു മറിഞ്ഞ് വൻ അപകടം. സംഭവത്തില്‍ 34 പേർ മരിക്കുകയും 8 പേരെ കാണാതാവുകയും ചെയ്തതായി സംസ്ഥാന മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം.
ശക്തമായ കൊടുങ്കാറ്റും ഇടിമിന്നലും അപകടത്തിന് കാരണമായെന്നാണ് റിപ്പോർട്ട്. വിയറ്റ്നാമിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഹാ ലോങ് ബേയിലേക്ക് 53 യാത്രക്കാരും അഞ്ചു ജീവനക്കാരുമയി പുറപ്പെട്ട വണ്ടർ സീ എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്.
ബോട്ടിലുണ്ടായിരുന്ന 11 പേരെ രക്ഷപ്പെടുത്താനായെന്ന് വിഎൻഎക്സ്പ്രസ് റിപ്പോർട്ടു ചെയ്തു. 34 മൃതദേഹങ്ങള്‍ സംഭവസ്ഥലത്തിന് സമീപത്തുനിന്ന് രക്ഷാപ്രവർത്തകർ കണ്ടെടുത്തു. കാണാതായ 8 യാത്രക്കാർക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. ബോട്ടില്‍ നിന്ന് രക്ഷപെടുത്തിയവരില്‍ 14 വയസ്സുള്ള ആണ്‍കുട്ടിയും ഉള്‍പ്പെടുന്നു. ബോട്ടിനുള്ളില്‍ നാലു മണിക്കൂറോളം കുടുങ്ങിയ ശേഷമായിരുന്നു14 കാരനെ പുറത്തെടുത്തത്. യാത്രക്കാരില്‍ ഭൂരിഭാഗവും ഹനോയിയില്‍ നിന്നുള്ള വിനോദസഞ്ചാരികളായിരുന്നുവെന്നാണ് വിവരം. ഇതില്‍ 20 പേരും കുട്ടികളായിരുന്നു.
അതേസമയം, വിഫ എന്ന ഉഷ്ണമേഖലാ കൊടുങ്കാറ്റ് വടക്കൻ വിയറ്റ്നാമിലേക്ക് നീങ്ങുന്നുണ്ടെന്നും അടുത്ത ആഴ്ച ആദ്യം ഹാ ലോങ് ബേയ്ക്ക് സമീപമുള്ള തീരപ്രദേശങ്ങളില്‍ ആഞ്ഞടിക്കുമെന്നും കാലാവസ്ഥാ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയിലും അധികൃതർ തിരച്ചില്‍, രക്ഷാപ്രവർത്തനങ്ങള്‍ തുടരുകയാണ്.
