തിരുവല്ല : എം.സി റോഡില്‍ തിരുമൂലപുരത്ത് മൂന്ന് കാറുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് ചെങ്ങന്നൂരില്‍ നിന്നും തിരുവല്ലയിലേക്ക് വന്ന കാർ ഓടിച്ചിരുന്ന ആള്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായത്.
ചെങ്ങന്നൂർ ഭാഗത്തേക്ക് പോയ കാറിന്റെ പിൻഭാഗത്താണ് ഈ കാർ ആദ്യം ഇടിച്ചത്. തൊട്ട് പിന്നാലെ വരികയായിരുന്ന മറ്റൊരു കാറുമായും കൂട്ടിയിടിച്ചു. അപകടത്തിന് കാരണമായ കാറില്‍ സഞ്ചരിച്ച ഡ്രൈവർ ഉള്‍പ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ നാട്ടുകാർ 108 ആംബുലൻസില്‍ തിരുവല്ല ബിലീവേഴ്സ് ആശുപത്രിയിലേക്കെത്തിച്ചു. ഉറങ്ങിയതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ ഇടിച്ച ആദ്യ കാറിന്റെ ടയർ പൊട്ടിത്തെറിച്ചു. സംഭവത്തെ തുടർന്ന് ഏറെനേരം എം.സി റോഡില്‍ ഗതാഗതം സ്തംഭിച്ചു.
