മലപ്പുറം: ചേളാരി രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടു. ഇന്ന് രാവിലെ 7.30ന് ചേളാരി ജെ.ആർ.എസ് ഹോട്ടലിന് മുമ്പിൽ ദേശീയപാതയിൽ ആണ് അപകടം .
വെളിമുക്കിൽ നിന്നും രോഗിയുമായി കോഴിക്കോടേക്കു പോകുകയായിരുന്നു ആംബുലൻസ്. ശക്തമായ മഴയിൽ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡിന്റെ മദ്ധ്യഭാഗത്തെ ഡിവൈഡറിലിടിച്ച് അപകടത്തിൽ പെടുകയായിരുന്നു.
ആംബുലൻസിൽ രോഗിയോടൊപ്പം അദ്ദേഹത്തിന്റെ മകനും ഭാര്യയും, ഡ്രൈവറും സഹായിയുമുണ്ടായിരുന്നു. അപകടത്തിൽ മകനും അമ്മക്കും പരിക്കേറ്റെങ്കിലും ഗുരുതരമല്ല.
സ്ഥലത്ത് കൂടിയ നാട്ടുകാർ ആണ് പരിക്കേറ്റവരെയും രോഗിയെയും അതിവേഗം മറ്റ് രണ്ടു ആംബുലൻസിൽ കോഴിക്കോടുള്ള മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
