ബെംഗളൂരു : ബെംഗളൂരു മെട്രോപൊളിറ്റൻ കോർപ്പറേഷന്റെ(ബിഎംടിസി) ബസ് നിയന്ത്രണംവിട്ട് റോഡരികിലെ തട്ടുകടയിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ സ്ത്രീക്ക് ദാരുണാന്ത്യം. അഞ്ചുപേർക്ക് സാരമായി പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. സുമ (25)ആണ് മരിച്ചത്. ബെംഗളൂരുവിലെ പീനിയ സെക്കൻഡ് സ്റ്റേജിൽ വെള്ളിയാഴ്‌ച രാവിലെ 8.45-ഓടെയായിരുന്നു അപകടം. തട്ടുകടയിലേക്ക് ആളുകൾ ഭക്ഷണം കഴിക്കാനായി എത്തിക്കൊണ്ടിരുന്ന സമയമായിരുന്നു.
മജസ്റ്റിക്കിൽനിന്ന് പീനിയയിലേക്ക് പോകുകയായിരുന്ന കെഎ 51 എകെ 4170 നമ്പർ ബസാണ് അപകടത്തിൽപെട്ടത്. അപകടസമയം ബസ് ഓടിച്ചത് കണ്ടക്‌ടർ രമേഷ് ആയിരുന്നെന്ന് പീനിയ ട്രാഫിക് പോലീസ് പറഞ്ഞു. ബസ് റോഡിൽ നിർത്തിയശേഷം ഡ്രൈവർ അല്പസമയം വിശ്രമിക്കാനായി സീറ്റിൽനിന്നും എഴുന്നേറ്റതായിരുന്നു. ഈ സമയം ബസ് റോഡരികിലേക്ക് നീക്കിയിടാനായി കണ്ടക്ടർ ശ്രമിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു. ഇതിനിടെ ബസിൻ്റെ നിയന്ത്രണം വിടുകയായിരുന്നു
