കൊച്ചിയില്‍ ലിഫ്റ്റ് അപകടം; കേബിള്‍ പൊട്ടിവീണ് സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം

 


കൊച്ചി: എറണാകുളം പ്രൊവിഡൻസ് റോഡിലുള്ള വളവി ആൻഡ് കമ്ബനിയില്‍ സാധനങ്ങള്‍ ഇറക്കുന്നതിനിടെ ലിഫ്റ്റിന്റെ കേബിള്‍ പൊട്ടി സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു..

കൊല്ലം പടപ്പക്കര ചരുവിള പുത്തൻവീട്ടില്‍ നിന്നുള്ള 42 വയസ്സുകാരനായ എ. ബിജുവാണ് ദാരുണമായി മരണപ്പെട്ടത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


പ്രിന്റിംഗ് ആവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍ ലിഫ്റ്റ് ഉപയോഗിച്ച്‌ ഒന്നാം നിലയിലേക്ക് മാറ്റുകയായിരുന്നു ബിജു. സാധനങ്ങള്‍ ഇറക്കിവെക്കുന്നതിനിടെ ഒരു പായ്ക്കറ്റ് അബദ്ധവശാല്‍ ബിജുവിന്റെ കയ്യില്‍ നിന്ന് ലിഫ്റ്റിനുള്ളിലേക്ക് വീണുപോയിരുന്നു. ഇത് എടുക്കുന്നതിനായി ബിജു ലിഫ്റ്റിന് പുറത്തുനിന്ന് തല ഉള്ളിലേക്ക് ഇട്ട് കുനിഞ്ഞു. ഈ സമയം ലിഫ്റ്റിന്റെ കേബിള്‍ പൊട്ടി ലിഫ്റ്റ് താഴേക്ക് പതിക്കുകയും, ലിഫ്റ്റിന്റെ മുകള്‍ഭാഗം ബിജുവിന്റെ കഴുത്തില്‍ അതിശക്തമായി ഇടിക്കുകയും ചെയ്തു.


ഇടിയുടെ ആഘാതത്തില്‍ ബിജുവിന്റെ തല ലിഫ്റ്റിനുള്ളിലും ശരീരം പുറത്തും കുടുങ്ങിപ്പോവുകയായിരുന്നു. അപകടവിവരമറിഞ്ഞ് അഗ്നിരക്ഷാ സേനാംഗങ്ങളും സെൻട്രല്‍ പോലീസും ഉടൻതന്നെ സ്ഥലത്തെത്തി. ലിഫ്റ്റിന്റെ മുകള്‍ഭാഗം ഉയർത്തി ബിജുവിനെ പുറത്തെടുത്ത് ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post