കുവൈത്തില്‍ വിഷമദ്യദുരന്തം; 10 പ്രവാസികള്‍ മരിച്ചു; മദ്യം കഴിച്ചവരില്‍ മലയാളികളും



  കുവൈത്തില്‍   സമ്പൂര്‍ണ മദ്യനിരോധനം നിലനില്‍ക്കുന്ന കുവൈത്തില്‍ വിഷമദ്യം കഴിച്ച് 10 പേര്‍ മരിച്ചു. മരിച്ചവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ആശുപത്രിയിലാണെന്നാണ് അറിയുന്നത്. കാഴ്ച്ച നഷ്ടപ്പെട്ടും കിഡ്‌നി തകരാറിലായുമാണ് നിരവധി പേര്‍ ആശുപത്രിയിലുള്ളത്.

കുവൈത്തിലെ ജലീബ് ബ്ലോക്ക് ഫോറിലെ അനധികൃത മദ്യവില്‍പ്പന കേന്ദ്രത്തില്‍ നിന്നാണ് ഇവര്‍ മദ്യം വാങ്ങിയതെന്നാണ് അറിയുന്നത്. ഫര്‍വാനിയ, അബാസാനിയ എന്നിവിടങ്ങളിലെ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. അഹമദി ഗവര്‍ണറേറ്റിലും നിരവധി പേര്‍ ആശുപത്രിയിലാണ്.


മദ്യനിരോധനമുള്ളതിനാല്‍, വ്യാജമദ്യം വാറ്റി വില്‍ക്കുന്ന നിരവധി കേന്ദ്രങ്ങള്‍ കുവൈത്തിലുണ്ട്. കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം പരിശോധന നടത്തി നിരവധി വ്യാജ മദ്യവില്‍പ്പനക്കാരെ പിടികൂടിയിരുന്നു.

ഒരു ഷിപ്പിംഗ് കണ്ടെയ്നറില്‍ ഒളിപ്പിച്ച ഇറക്കുമതി ചെയ്ത മദ്യം കടത്താനുള്ള ശ്രമം കുവൈത്ത് അധികൃതര്‍ പരാജയപ്പെടുത്തിയത് കഴിഞ്ഞയാഴ്ച്ചയാണ്. മദ്യക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് മലയാളികളാണ് അറസ്റ്റിലായത്. കുവൈത്തിലെ ഷുഐബ പോര്‍ട്ടില്‍ ഒരു ഗള്‍ഫ് രാജ്യത്ത് നിന്ന് എത്തിയ കണ്ടെയ്‌നര്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വളരെ വിദഗ്ധമായി രഹസ്യ അറയില്‍ ഒളിപ്പിച്ച മദ്യക്കുപ്പികള്‍ കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്റ്റംസ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ ഡ്രഗ് കണ്‍ട്രോളുമായി ഏകോപിച്ച് കണ്ടെയ്‌നര്‍ സ്വീകരിക്കാനെത്തിയവരെ പിടികൂടുകയായിരുന്നു. ഹനീഫ മുളേരി നാടു വെലൈലി, പണിക വീട്ടില്‍ ജവാര്‍ ജാസര്‍ എന്നീ രണ്ട് പേരെയാണ് അധികൃതര്‍ അറസ്റ്റ് ചെയ്തത്. ഇന്ത്യയില്‍ നിന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കരുതപ്പെടുന്ന സഹീര്‍ എന്ന വ്യക്തിയുടെ നിര്‍ദ്ദേശപ്രകാരമാണ് തങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. പ്രതികളെ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി

Post a Comment

Previous Post Next Post