മലപ്പുറത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേളാരി സ്വദേശിയായ 11 വയസുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെ നടത്തിയ സ്രവ പരിശോധന ഫലമാണ് പോസിറ്റീവായത്.
അതേസമയം, കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച നാലാം ക്ലാസുകാരിയുടെ സഹോദരൻ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ തുടരുകയാണ്. പനി ബാധിച്ചതിനെ തുടർന്നാണ് ഏഴ് വയസുകാരനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ ഇന്നലെ നടത്തിയ സ്രവ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. കുട്ടിയ്ക്ക് പനി ഭേദമാകുന്നത് വരെ നിരീക്ഷിക്കാനാണ് സൂപ്രണ്ടിന്റെ നിർദേശം. അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച മൂന്ന് മാസം പ്രായമായ കുഞ്ഞ് വെന്റിലേറ്ററിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. രോഗം ബാധിച്ച അന്നശ്ശേരി സ്വദേശിയായ 49കാരന്റെ ആരോഗ്യനിലയിലും മാറ്റമില്ല. മുൻ കരുതലിന്റെ ഭാഗമായി ജലാശയങ്ങളിൽ ക്ലോറിനേഷൻ നടത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് ആരോഗ്യവകുപ്പ് നിർദേശം നൽകി
എന്താണ് അമീബിക് മസ്തിഷ്കജ്വരം?
മലിനമായതും കെട്ടിക്കിടക്കുന്നതുമായ വെള്ളത്തിൽ നീന്തുകയോ കുളിക്കുകയോ ചെയ്യുന്നവരിലാണ് ഈ രോഗം അപൂർവമായി കണ്ടുവരുന്നത്. 'നേഗ്ലെറിയ ഫൗലേറി', 'അക്കാന്ത അമീബ', 'സാപ്പിനിയ' തുടങ്ങിയ അമീബ വിഭാഗത്തിൽപ്പെട്ട സൂക്ഷ്മാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് ഈ രോഗം ഉണ്ടാകുന്നത്. മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുന്ന ഈ അമീബ തലച്ചോറിലെത്തി 'മെനിഞ്ചോ എൻസെഫലൈറ്റിസ്' എന്ന രോഗാവസ്ഥയ്ക്ക് കാരണമാകുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള ഗുരുതര രോഗമാണിത്.
ഈ രോഗം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തിന്റെ അടിത്തട്ടിലെ ചെളിയിലുള്ള അമീബ വെള്ളത്തിൽ കലർന്ന് മൂക്കിലൂടെയാണ് ശരീരത്തിലേക്ക് പ്രവേശിക്കുന്നത്. അണുബാധയുണ്ടായാൽ 1 മുതൽ 9 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും.
രോഗലക്ഷണങ്ങളും മുൻകരുതലുകളും
തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദ്ദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, പ്രകാശത്തെ നേരിടാൻ ബുദ്ധിമുട്ട് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. കുട്ടികളിൽ ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്ക്രിയമായ പെരുമാറ്റം തുടങ്ങിയവയും കണ്ടുവരാറുണ്ട്. രോഗം ഗുരുതരമായാൽ അപസ്മാരം, ബോധക്ഷയം, ഓർമ്മക്കുറവ് എന്നിവ ഉണ്ടാകാം.
രോഗലക്ഷണങ്ങൾ പ്രകടമായാൽ ഉടൻ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുകയോ നീന്തുകയോ ചെയ്തവർ ഡോക്ടറെ വിവരം അറിയിക്കണം.
മലിനജലം ഒഴിവാക്കുക
പായൽ പിടിച്ചതും മാലിന്യങ്ങളുള്ളതുമായ കുളങ്ങളിലോ വെള്ളക്കെട്ടുകളിലോ കുളിക്കുന്നത് ഒഴിവാക്കണം. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നതും ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കുക. ജലസംഭരണികൾ വർഷാവർഷം വൃത്തിയാക്കാൻ ശ്രദ്ധിക്കുക. വാട്ടർ തീം പാർക്കുകളിലേയും സ്വിമ്മിങ് പൂളുകളിലേയും വെള്ളം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. മൂക്കിലേക്ക് വെള്ളം കയറുന്നത് തടയാൻ നേസൽ ക്ലിപ്പുകൾ ഉപയോഗിക്കാം.
രോഗം നിർണ്ണയിക്കുന്നത് നട്ടെല്ലിൽ നിന്ന് സ്രവം എടുത്ത് പിസിആർ പരിശോധനയിലൂടെയാണ്. അഞ്ചു മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചുള്ള ചികിത്സയാണ് നിലവിലുള്ളത്. വേഗത്തിൽ ചികിത്സ ആരംഭിച്ചാൽ രോഗം ഭേദമാക്കാൻ സാധിക്കും.
