നാട്ടിലേക്ക് തിരിക്കാൻ മണിക്കൂറുകൾ, വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം



ജിസാൻ: അബുഅരീഷിന് സമീപം വാസലിയിലുണ്ടായ അപകടത്തിൽ മരിച്ച മലപ്പുറം മഞ്ചേരി ആനക്കയം കോർമത്ത് വീട്ടിൽ റിയാസ് ബാബു (47) വിന്റെ മൃതദേഹം ജിസാനിലെ പ്രവാസി സമൂഹത്തിന്റെ സാന്നിദ്ധ്യത്തിൽ വാസലിയിൽ ഖബറടക്കി. അവധിക്ക് നാട്ടിൽ പോകാനിരുന്ന ദിവസമാണ് താമസസ്ഥലത്തിനടുത്ത് വെച്ച് വാഹനമിടിച്ചത്. ജിസാനിലെ പ്രവാസി സമൂഹത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയ ദാരുണ സംഭവമായിരുന്നു.

അബൂഅരീഷ് കിംഗ്ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം വാസലിയിൽ കൊണ്ടുവന്നപ്പോൾ സുഹൃത്തുക്കളും സഹപ്രവർത്തകരും ജിസാനിലെ വിവിധ സാമൂഹിക സംഘടനാ നേതാക്കളും പ്രവർത്തകരും സ്വദേശികളും വിദേശികളുമടക്കം വലിയൊരു ജനാവലി എത്തിയിരുന്നു.റിയാസ് ബാബുവിൻറെ ഭാര്യയുടെ ജ്യേഷ്ഠത്തിയുടെ മകൻ ജസീൽ ഖബറടക്കത്തിനായി ജിദ്ദയിൽ നിന്ന് എത്തിയിരുന്നു. ജസീലും സഹപ്രവർത്തകനായ അബ്ദു സമീർ കൊടുവള്ളിയും "ജല" പ്രവർത്തകരും ഖബറടക്ക ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഇന്നലെ വൈകുന്നേരം വാസലി അബ്ദുള്ള ബിൻ അൽമുഹൈദബ് മസ്ജിദിൽ നടന്ന മയ്യിത്ത് നമസ്കാരത്തിനു ശേഷം വൻജനാവലിയുടെ സാന്നിധ്യത്തിൽ വാസലി ഖബർസ്ഥാനിൽ മൃതദേഹം ഖബറടക്കി.മുസ്തഫ സഅദി പ്രാർത്ഥനക്ക് നേതൃത്വം നൽകി.


"ജല" കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ സലാം കൂട്ടായി, സണ്ണി ഓതറ, സലിം മൈസൂർ, അന്തുഷ ചെട്ടിപ്പടി യൂണിറ്റ് ഭാരവാഹികളായ അഷറഫ് പാണ്ടിക്കാട്, ബാബു മഞ്ചേരി, സുലൈ കൊട്ടാരം എന്നിവരാണ് മൃതദേഹം ഖബറടക്കുന്നതിനുള്ള എല്ലാ സഹായങ്ങളും ചെയ്തത്. ഇന്ത്യൻ കോൺസുലേറ്റ് സാമൂഹിക ക്ഷേമസമിതി അംഗം താഹ കൊല്ലേത്തിൻറെ നേതൃത്വത്തിലാണ് നിയമനടപടികൾ പൂർത്തിയാക്കിയത്. "ജല" നേതാക്കളായ ഡോ. രമേശ് മൂച്ചിക്കൽ, നൗഷാദ് പുതിയതോപ്പിൽ, വിപിൻ, സഞ്ജീവൻ ചെങ്ങന്നൂർ, ഐ.സി.എഫ് സൗദി ദേശീയ സെക്രട്ടറി സിറാജ് കുറ്റ്യാടി, താഹ കിണാശ്ശേരി, മുഹമ്മദ് സ്വാലിഹ് കാസർഗോഡ്, അനസ് ജൗഹരി, സുഹൈൽ സഖാഫി, തനിമ രക്ഷാധികാരി മുഹമ്മദ് ഇസ്മായിൽ മാനു എന്നിവരടക്കം നിരവധി സാമൂഹിക സംഘടനാ നേതാക്കളും പ്രവർത്തകരും ഖബറടക്കത്തിന് എത്തിയിരുന്നു.

ഈ മാസം 21 ന് രാത്രി പതിനൊന്നരയോടെയാണ് വാസലിയിൽ വെച്ച് റിയാസ് ബാബിവിന് അപകടമുണ്ടായത്. റോഡിലൂടെ താമസ്ഥലത്തേക്ക് നടന്നു പോകുകയായിരുന്ന റിയാസിനെ പിന്നിൽ നിന്നുവന്ന കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്കും ശരീരത്തിനും ഗുരുതരമായി പരിക്കേറ്റ റിയാസ് ബാബു അബൂഅരീഷ് കിംഗ്ഫഹദ് സ്പെഷ്യലിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ വെച്ച് ആഗസ്റ്റ് 22 പുലർച്ചെ മൂന്നിന് മരിച്ചു. പിറ്റേദിവസം ജിസാനിൽ നിന്ന് എയർഅറേബ്യ വിമാനത്തിൽ ഷാർജ വഴി കോഴിക്കോട്ടേക്ക് പോകാനിരിക്കെയാണ് ദാരുണമയ അന്ത്യം സംഭവിച്ചത്.

Post a Comment

Previous Post Next Post