ഒലവക്കോട് ഹോട്ടലിന്‍റെ മാലിന്യകുഴിയിൽ കുടുങ്ങി ശുചീകരണ തൊഴിലാളിക്ക് ദാരുണാന്ത്യം



പാലക്കാട് ഒലവക്കോട്: മാലിന്യകുഴിയിൽ കുടുങ്ങി ശുചീകരണ തൊഴിലാളി മരിച്ചു. കല്ലേക്കുളങ്ങര സ്വദേശി സുജീന്ദ്രനാണ് അപകടത്തിൽ മരിച്ചത്. പാലക്കാട് ഒലവക്കോട് ഉമ്മിനിയിലാണ് സംഭവം. ഉമ്മിനി ഹൈസ്കൂളിന് എതിർവശമുള്ള ഹോട്ടലിലെ മാലിന്യക്കുഴി വൃത്തിയാക്കുന്നതിനിടയിൽ ആയിരുന്നു അപകടം.

ഇന്ന് രാവിലെ ഉമ്മിണിയിലെ നൈപുണ്യ ഹോട്ടലിന് മുന്നിലെ മാലിന്യക്കുഴി വൃത്തിയാക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഹോട്ടലിലെ മലിന ജലം ഈ കുഴിയിലേക്കാണ് എത്തുക. രണ്ട് ദിവസമായി ഡ്രെയിനേജ് സംവിധാനത്തിന് എന്തോ പ്രശ്നം അനുഭവപ്പെട്ടിരുന്നു. ഇതോടെയാണ് ഹോട്ടലുടമ ശുചീകരണ തൊഴിലാളിയായ സുജീന്ദ്രന്‍റെ സേവനം തേടിയത്

ഇന്ന് രാവിലെ ജോലിക്കായെത്തിയ സുജീന്ദ്രൻ ഹോട്ടലിന് മുന്നിലെ ഡ്രെയിനേജ് കുഴിയിലിറങ്ങിയതിന് പിന്നാലെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. സുജീന്ദ്രന് പിന്നീട് അനങ്ങാൻ പറ്റാത്ത അവസ്ഥയായി. ഇതോടെ അപകടം മണത്ത് ഹോട്ടലുടമ സുജീന്ദ്രനെ രക്ഷിക്കാനായി മാലിന്യ കുഴിയിലിറങ്ങി. എന്നാൽ ഹോട്ടലുടമക്കും അസ്വസ്ഥത തോന്നി. ഇയാളെ നാട്ടുകാർ ചേർന്ന് പുറത്തെത്തിച്ചെങ്കിലും സുജീന്ദ്രൻ കുഴിക്കുള്ളിൽ കുടുങ്ങുകയായിരുന്നു. വിവരമറിഞ്ഞ് ഫയർഫോഴ്സ് സ്ഥലത്തെത്തി സുജീന്ദ്രനെ പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സുജീന്ദ്രന്‍റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്

Post a Comment

Previous Post Next Post