അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ഷീറ്റ് തകർന്ന് കെട്ടിടത്തി​ന്റെ മേൽക്കൂരയിൽ നിന്ന് താഴ്ചയിലേക്ക് വീണു.. ആലപ്പുഴയിൽ യുവാവിന് ദാരുണാന്ത്യം

 


ആലപ്പുഴ: ആലപ്പുഴയിലെ കയർ കമ്പനി കെട്ടിടത്തിലെ മേൽക്കൂരയുടെ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ഷീറ്റ് തകർന്ന് താഴെവീണ് യുവാവിന് ദാരുണാന്ത്യം. തുറവൂർ വളമംഗലം വടക്ക് പുത്തൻകരിയിൽ സുധീർ-സുനി ദമ്പതികളുടെ മകൻ 24 കാരനായ സായന്ത് ആണ് മരിച്ചത്. ആലപ്പുഴ ബീച്ചിന് സമീപത്തെ പൊതുമേഖലാ സ്ഥാപനമായ ഫോംമാറ്റിങിസ് കമ്പനിയിൽ ഇന്ന് രാവിലെ 11.30ഓടെയാണ് അപകടം നടന്നത്. കമ്പനിയിൽ ലാറ്റക്സ് ബാക്കിങ് പ്ലാന്റിന്റെ മേൽക്കൂരയുടെ മുകളിൽ കയറി പണിയെടുക്കുന്നതിനിടെയാണ് യുവാവ് ഷീറ്റ് തകർന്ന് താഴേക്ക് വീണത്.


40 അടിയോളം ഉയർച്ചയിൽ നിന്നാണ് സായന്ത് പ്ലാന്റിലെ തറയിലേക്ക് വീണത്. തലക്ക് ഗുരുതര പരിക്കേറ്റ ഇയാളെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടുദിവസമായി മൂന്ന് തൊഴിലാളികളാണ് ഷീറ്റ് മാറുന്ന ജോലിയിൽ ഏർപ്പെട്ടിരുന്നത്. അറ്റകുറ്റപ്പണി കഴിഞ്ഞുവെന്ന ധാരണയിലാണ് പ്ലാന്റിലെ ജീവനക്കാർ ജോലിചെയ്തിരുന്നത്.


ഇതിനിടെ, വൻശബ്ദത്തോടെ മുകളിൽനിന്ന് താഴേക്ക് വീണപ്പോഴാണ് പലരും മേൽക്കൂരയിൽ പണിനടക്കുന്നുവെന്ന വിവരം അറിഞ്ഞത്. ഇന്ന് രാവിലെയെത്തിയ തൊഴിലാളികൾ പ്ലാന്റ് കെട്ടിടത്തിന്റെ മേൽക്കൂരയുടെ രണ്ടുഭാഗത്തായിട്ടാണ് പണിയെടുത്തത്. അതിനാൽ സായന്ത് ഒറ്റക്കാണ് മേൽക്കൂരയുടെ മുകളിലുണ്ടായിരുന്നത്. സഹോദരി: ലയ.

Post a Comment

Previous Post Next Post