കോഴിക്കോട്: കോരപ്പുഴ പാലത്തിൽ ടൂറിസ്റ്റ് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പയ്യോളി ചാലിൽ റോഡ് വടക്കേ മൂപ്പിച്ചതിൽ മുസമിൽ (21) ആണ് മരിച്ചത്. മേപ്പയ്യൂർ സലഫി കോളേജ് ബി എ വിദ്യാർഥിയാണ്.
കോഴിക്കോട് മൈത്ര ആശുപത്രിയിൽ ഇന്ന് പുലർച്ചെയോടെയായിരുന്നു അന്ത്യം. പരിക്കേറ്റ സഹോദരൻ റിസ്വാൻ (24) ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്. പരുക്ക് ഗുരുതരമല്ല. ഇന്നലെ പുലർച്ചെ ആറരയോടെ കോഴിക്കോട് പച്ചക്കറി മാർക്കറ്റിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം.
എതിരെ വരികയായിരുന്ന ടൂറിസ്റ്റ് ബസ്സുമായി ഇവരുടെ പിക്കപ്പ് വാൻ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ മുൻഭാഗം പൂർണമായും തകർന്ന പിക്കപ്പ് വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ ഉടൻ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഗുരുതരമായി പരിക്കേറ്റ മുസമിൽ ചികിത്സയ്ക്കിടെ ഇന്ന് രാവിലെയോടെ മരിക്കുകയായിരുന്നു.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. തുടർന്ന്, പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
പിതാവ്: എൻ സി സമീർ (പഴം - പച്ചക്കറി വ്യാപാരി, വെൽഫെയർ പാർട്ടി പയ്യോളി വെസ്റ്റ് യൂണിറ്റ് സെക്രട്ടറി). മാതാവ്: റസീന പയ്യോളി (വിമൻ ജസ്റ്റിസ് മൂവ്‌മെൻറ് കൊയിലാണ്ടി മണ്ഡലം കൺവീനർ). സഹോദരി: നജ് വ ഫാത്തിമ.
