കോട്ടയം പാല: മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. മുരിക്കുംപുഴയ്ക്ക് സമീപം തൈങ്ങന്നൂർ കടവിലാണ് അപകടം.
കാഞ്ഞിരമറ്റം കണ്ടത്തിൻകരയില്‍ സാബുവിന്റെ മകൻ ജിസ് സാബു (31), കൊണ്ടൂർ ചെമ്മലമറ്റം വെട്ടിക്കല്‍ ബാബുവിന്റെ മകൻ ബിബിൻ ബാബു (30) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് ദാരുണമായ സംഭവമുണ്ടായത്. പാലാ ചോളമണ്ഡലം ഫിനാൻസിലെ ജീവനക്കാരാണ് ഇരുവരും. സ്ഥാപനത്തിലെ ജീവനക്കാരായ അഞ്ചംഗ സംഘമാണ് കാറില്‍ ആറിന്റെ തീരത്ത് എത്തിയത്. എല്ലാവരും കടവില്‍ ഇരുന്ന് ഉച്ചഭക്ഷണം കഴിച്ച ശേഷം ജിസ്സും ബിബിനും കുളിക്കാൻ ആറിലേക്ക് ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്.
വെള്ളത്തില്‍ താഴ്ന്ന യുവാക്കളെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളിലൊരാള്‍ രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും കൈവഴുതി മുങ്ങിപ്പോവുകയായിരുന്നു. പിന്നാലെ ഇവർ ബഹളംവെച്ച് നാട്ടുകാരെ വിളിച്ചുകൂട്ടി. നാട്ടുകാർ ഇരുവരെയും രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പാലായില്‍നിന്നു അഗ്നിരക്ഷാസേനയും പോലീസും ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
അഗ്നിരക്ഷാസേനാ സംഘമാണ് യുവാക്കളെ കരയ്ക്കെത്തിച്ചത്. കൃത്രിമശ്വാസം നല്‍കിയെങ്കിലും ഇരുവർക്കും അപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. മൃതദേഹങ്ങള്‍ പാലാ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ബിബിന്റെ അമ്മ: ബിന്ദു. സഹോദരൻ: ബിനീഷ് (ബോബൻ). ജിസിന്റെ അമ്മ: അജി. സഹോദരി: ജീന.
