മാനന്തവാടി : വയനാട്ടിൽ ഭർത്താവിനെ തലയ്ക്ക് അടിച്ചുകൊന്ന സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ. കാര്യമ്പാതി ചന്ദ്രന്‍ (56) ആണ് കൊല്ലപ്പെട്ടത്. ഭാര്യ ഭവാനി (54) യെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു കൊലപാതകം. പുലര്‍ച്ചെ മൂന്നു മണിയോടെ ശുചിമുറിയില്‍ പോകുന്നതിനായി കട്ടിലില്‍ നിന്നും എഴുന്നേറ്റ ചന്ദ്രന്‍ നിലത്തു വീണെന്നായിരുന്നു മൊഴി.
മാനന്തവാടി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ മരണ കാരണത്തില്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. തുടർന്ന് കോണിച്ചിറ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്തു വന്നത്. സ്ഥിരം മദ്യപാനിയായ ചന്ദ്രന്‍ വീട്ടില്‍ വന്ന് തന്നെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്ന് ഭാര്യ ഭവാനി മൊഴി നൽകി. വഴക്കിനിടെ ഭവാനി ചന്ദ്രന്റെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
