മുക്കം: കോഴിക്കോട് മലയോര മേഖലയിൽ കനത്ത ഇടിയും മഴയും. മഴയിൽ മലയോര മേഖലയിൽ വ്യാപക നാശം. മലയോരമേഖലയായ മുക്കം മണാശ്ശേരിയിൽ ഇടിമിന്നലേറ്റ് പൂച്ച ചത്തു. മണാശ്ശേരി പന്നൂളി രാജൻ്റെ വീട്ടിലെ പൂച്ചയാണ് ചത്തത്. വീട്ടിലെ വയറിങ് കത്തിനശിച്ചു. ഒരു തെങ്ങും ഇടിമിന്നലേറ്റ് കത്തി നശിച്ചു. ഇടിമിന്നൽ ഏൽക്കാതെ തലനാരിഴക്കാണ് വീട്ടുകാർ രക്ഷപ്പെട്ടത്. ജില്ലയിലെ മലയോര മേഖലയിൽ വൈകീട്ട് 4.15ഓടെയാണ് ശക്തമായ മഴയും ഇടിമിന്നലുമുണ്ടായത്. വീട്ടുപരിസരത്തുവച്ചാണ് പൂച്ചക്ക് മിന്നലേറ്റത്. ഈ സമയം രാജനും മകളുമാണ് വീട്ടിലുണ്ടായിരുന്നു. മകൾ ശുചിമുറിയിലായിരുന്നു. ശക്തമായ മിന്നലിൽ ഇദ്ദേഹത്തിന്റെ വീട്ടിലെ ജനൽച്ചില്ലുകൾക്കും ചുമരിനും വൈദ്യുതി ഉപകരണങ്ങൾക്കും നാശം സംഭവിച്ചു. പൂച്ചയെ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. രാജന്റെ വീടിന് സമീപം താമസിക്കുന്ന ദീപ, അരവിന്ദൻ, രാജൻ എന്നിവരുടെ വീടുകളിലും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. പ്രദേശത്ത് ശക്തമായ ഇടിയും മഴയും തുടരുകയാണ്.
