കൊച്ചി: തേവര കോന്തുരുത്തിയില്‍ സ്ത്രീയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. ജോര്‍ജ് എന്നയാളുടെ വീടിന് സമീപം ഇടനാഴിയിലാണ് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
രാവിലെ ശൂചീകരണത്തിനായി എത്തിയ തൊഴിലാളികളാണ് ചാക്കില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ കൗണ്‍സിലറെ അറിയിക്കുകയായിരുന്നു. കൊപാതകമാണെന്നാണ് പൊലീസിന്റെ നിഗമനം. കസ്റ്റഡിയിലെടുക്കുമ്പോള്‍ ജോര്‍ജ് മദ്യലഹരിയിലായിരുന്നെന്നും പൊലീസ് പറഞ്ഞു.
കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളിയാണ് എന്നാണ് ജോർജിൻ്റെ മൊഴി. കൊല്ലപ്പെട്ട സ്ത്രീയെ ഇന്നലെ രാത്രി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നതാണെന്ന് ജോർജ് പൊലീസിന് മൊഴി നല്‍കി. വീട്ടിൽ വന്നതിനുശേഷം ഇരുവരും തമ്മിൽ സാമ്പത്തിക തർക്കം ഉണ്ടായി. ഈ തർക്കത്തിനൊടുവിൽ ചുറ്റിക ഉപയോഗിച്ച് തലക്കടിച്ച് കൊന്നുവെന്നും ജോർജ് പൊലീസിനോട് പറഞ്ഞത്.
രാവിലെ ഇയാള്‍ ചാക്ക് അന്വേഷിച്ച് നടന്നതായി നാട്ടുകാര്‍ പറയുന്നു. കാര്യം തിരക്കിയപ്പോള്‍ വീട്ടുവളപ്പില്‍ ഒരുപൂച്ച ചത്ത് കിടക്കുന്നുണ്ടെന്നും അതിനെ മാറ്റാന്‍ ആണെന്നും പറഞ്ഞിരുന്നതായി നാട്ടുകാര്‍ പറയുന്നു. എന്നാല്‍ മരിച്ച യുവതിയുടെ മുഖം പൊലീസ് നാട്ടുകാരെ കാണിച്ചെങ്കിലും ഈ പ്രദേശത്തുകാരിയല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തില്‍ ജോര്‍ജിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുന്നു.
