തിരുവനന്തപുരം, : വലിയശാല കാവിൽ ദേവീക്ഷേത്രത്തിനു സമീപത്തെ മൂന്നുനില ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിൽ വൻ തീപ്പിടിത്തം.യൂണിവേഴ്‌സൽ ഫാർമ എന്ന സ്ഥാപനത്തിലാണ് അഗ്നിബാധയുണ്ടായത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ആളപായമില്ല. സംഭവത്തിനിടെ ഒരു അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു. സമീപത്തെ വീടിന്റെ ഒരുഭാഗവും കത്തിനശിച്ചു.
കെട്ടിടത്തിന്റെ ഒന്നാംനില കത്തുന്നതുകണ്ട നാട്ടുകാർ അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. അഗ്നിരക്ഷാസേന എത്തുമ്പോഴേക്കും കെട്ടിടം പകുതിയോളം കത്തിനശിച്ചിരുന്നു.ഷോട് സർക്കിറ്റ് കാരണമാണ് കെട്ടിടം കത്തിയതെന്നാണ് പ്രാഥമികവിവരം. ജനവാസകേന്ദ്രത്തിൽ തീപടർന്നതോടെ നാട്ടുകാരും പരിഭ്രാന്തരായി.
സമീപത്തെ വീടിനുള്ളിൽ ഉള്ളവരെയെല്ലാം പെട്ടെന്നുതന്നെ മാറ്റിപ്പാർപ്പിച്ചു. ചെങ്കൽച്ചൂളയിലെ മൂന്ന് യൂണിറ്റ് അഗ്നിരക്ഷാസേനാംഗങ്ങളെത്തി തീ നിയന്ത്രണവിധേയമാക്കി.എത്രരൂപയുടെ നഷ്ടമുണ്ടെന്നത് വ്യക്തമല്ല. സ്ഥാപനത്തിൽ ഉണ്ടായിരുന്ന ജനറേറ്റർ മുഖേനയാണ് ഷോട് സർക്കിറ്റ് ഉണ്ടായതെന്നാണ് കരുതുന്നത്. സംഭവസ്ഥലത്ത് ആന്റണി രാജു എംഎൽഎ, വലിയശാല കൗൺസിലർ സുനിൽകുമാർ, വാർഡിൽ മത്സരിക്കുന്ന സ്ഥാനാർഥികൾ എന്നിവർ എത്തി.
*തീയണയ്ക്കാനെത്തിയ അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു. ചെങ്കൽച്ചൂള ഉദ്യോഗസ്ഥനായ ദിനുമോനാണ് രക്ഷാപ്രവർത്തനത്തിനിടെ കുഴഞ്ഞുവീണത്. ഉടൻതന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമികചികിത്സയ്ക്കുശേഷം ഉദ്യോഗസ്ഥൻ ആശുപത്രിവിട്ടു.
