കല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ പനയംപാടം ജങ്ഷനിൽ നാല് കുട്ടികളുടെ ജീവൻ പൊലിഞ്ഞ ദുരന്തത്തിന് വെള്ളിയാഴ്ച ഒരുവർഷം തികയുന്നു. 2024 ഡിസംബർ 12നായിരുന്നു നാടിനെ നടുക്കിയ അപകടം. പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന കരിമ്പ ഗവ. ഹൈസ്കൂളിലെ സ്‌കൂളിലെ എട്ടാം തരം വിദ്യാർഥികളായിരുന്ന നിദ ഫാത്തിമ, റിദ ഫാത്തിമ, ഇർഫാന ഷെറിൻ, ആയിഷ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്‌ടപ്പെട്ട ചരക്കുലോറി കുട്ടികളുടെ ദേഹത്തേക്ക് മറിയുകയായിരുന്നു.
ഇവർക്കൊപ്പമുണ്ടായിരുന്ന കൂട്ടുകാരി ഓടിമാറിയതിനാൽ രക്ഷപ്പെട്ടു. അന്ന് വാഹനം മറിഞ്ഞ അഴുക്കുചാൽ ഇപ്പോഴിവിടെയില്ല. മണ്ണിട്ട് നികത്തി കോൺക്രീറ്റുചെയ്‌ത സ്ഥലം വീതികൂട്ടി കട്ടപതിപ്പിക്കുന്ന ജോലി നടക്കുകയാണ്
ദേശീയപാതയിലെ പ്രധാന അപകടമേഖലയെന്ന റിപ്പോർട്ടുണ്ടായിട്ടും വേണ്ട നപടിയെടുക്കാൻ അധികൃതരും ഉദ്യോഗസ്ഥരും മടിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്ന ആക്ഷേപം ശക്തമാണ്. ഡിവൈഡറില്ല, നടപ്പാതയില്ല, കൈവരിയില്ല, വലിയ വളവ്, 200 മീറ്റർദൂരംവരുന്ന കയറ്റം എന്നിവയെല്ലാം അപകടങ്ങൾക്ക് കാരണമായിരുന്നു. അപകടത്തെത്തുടർന്ന് മന്ത്രിമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, വി.കെ. ശ്രീകണ്ഠൻ എംപി, കെ. ശാന്തകുമാരി എംഎൽഎ തുടങ്ങിയവരെല്ലാം
സ്ഥലത്തെത്തിയിരുന്നു. ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാറും എത്തി. നിരന്തര സമ്മർദത്തെത്തുടർന്ന് പനയംപാടം റോഡ് നവീകരണത്തിനായി കേന്ദ്രം 1.35 കോടി രൂപ അനുവദിച്ചു. പക്ഷേ, പനയംപാടത്ത് പിന്നീടും അപകടങ്ങളുണ്ടായി. താത്കാലിക ഡിവൈഡർ സ്ഥാപിച്ചാണ് പ്രശ്നപരിഹാരം തുടങ്ങിയത്.
മെല്ലെപ്പോക്കിൽ ആശങ്ക
മാസങ്ങൾക്ക് മുൻപാണ് ജോലി തുടങ്ങിയത്. റോഡ് നവീകരണംനടത്തിയ യുഎൽസിസിയാണ് പണി നടത്തുന്നത്. കയറ്റം കുറയ്ക്കണമെന്നും വളവുകൾ നിവർത്തണമെന്നുമുള്ള ആവശ്യം ഇനിയും നടപ്പിലായിട്ടില്ല. ഇരുവശത്തും അഴുക്കുചാലുകളുമില്ല. നിലവിൽ, റോഡിന്റെ വശങ്ങൾ വീതികൂട്ടി പൂട്ടുകട്ട പതിപ്പിക്കുകയാണ്. പണികളുടെ മെല്ലപ്പോക്കിൽ നാട്ടുകാർക്കും ആശങ്കയുണ്ട്. അനുവദിച്ചതുക തികയില്ലെന്ന് മാസങ്ങൾക്ക് മുൻപ് ചേർന്ന സർവകക്ഷിയോഗം വിലയിരുത്തിയിരുന്നു. നടപ്പാത, കൈവരി, സ്ഥിരം ഡിവൈഡർ, ബസ് കാത്തിരിപ്പുകേന്ദ്രം മാറ്റൽ തുടങ്ങിയവയൊക്കെ വേണം. റോഡ് മുറിച്ചുകടക്കുന്നിടത്ത് ഒരു പോലീസ് ഉദ്യോഗസ്ഥനുള്ളതൊഴിച്ചാൽ അടിയന്തിര ക്രമീകരണങ്ങൾ എവിടെയും എത്തിയിട്ടില്ല.
നിലവിൽ ലഭിച്ച ഫണ്ടിലുള്ള ജോലികൾ നടക്കുന്നുണ്ടെന്ന് കെ. ശാന്തകുമാരി എംഎൽഎ പറഞ്ഞു. റോഡ് വീതികൂട്ടലും കയറ്റംകുറയ്ക്കലും നടത്തും. ഫണ്ട് തികയില്ലെങ്കിൽ ആവശ്യമായ പരിശോധന നടത്തി നടപടിയെടുക്കുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
