തിരുവനന്തപുരം പൂവാർ ബൈക്ക് ഫ്ലൈഓവറിൽ നിന്ന് 40 അടിയോളം താഴ്ചയിലേക്ക് വീണ് ബൈക്ക് യാത്രികരായ സഹോദരങ്ങൾ മരിച്ചു. കന്യാകുമാരി മാർത്താണ്ഡം ഫ്ലൈ ഓവറിലാണ് അപകടമുണ്ടായത്. നെയ്യാറ്റിൻകര നെല്ലിമൂട് കൊല്ലകോണം പയറ്റുവിള ചരുവിള കിഴക്കരിക് വീട്ടിൽ വിജയകുമാറിൻ്റെയും റീഷയുടെയും മക്കളായ രഞ്ജിത്ത് കുമാർ (24), രമ്യ (23) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാവിലെ കന്യാകുമാരി മാർത്താണ്ഡം ഫ്ലൈ ഓവറിലായിരുന്നു അപകടം. മാർത്താണ്ഡത്തെ ഒരു സ്വകാര്യ ഐടി കമ്പനിയിലെ അധ്യാപകനാണ് രഞ്ജീജിത്ത് കുമാർ. രമ്യ മാർത്താണ്ഡത്തെ തന്നെ ഒരു സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയും. ഇരുവരും ഒരുമിച്ചാണ് എല്ലാ ദിവസവും ജോലിസ്ഥലമായ മാർത്താണ്ഡത്തേക്ക് പോകുന്നത്.
സഹോദരിയെ ജോലിചെയ്യുന്ന ആശുപ്രതിയിൽ കൊണ്ടുവിട്ട ശേഷമാണ് സഹോദരൻ കമ്പനിയിലേക്ക് പോകാറുള്ളത്. പതിവുപോലെ ഇന്നലെ രാവിലെ ഇരുവരും ജോലി സ്ഥലത്തേക്ക് ബൈക്കിൽ പോകുന്ന വഴിക്കാണ് മാർത്താണ്ഡത്ത് വച്ച് നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ചത്.
അപകടത്തിൽ രഞ്ജിത്ത് കുമാർ തൽക്ഷണം മരിച്ചു.
സഹോദരി രമ്യ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരിച്ചത്. അപകടത്തിനിടയാക്കിയ കാർ ഓടിച്ചിരുന്ന മാർത്താണ്ഡം സ്വദേശി വിപിൻ ഗുരുതര പരിക്കുകളോടെ കുഴിത്തുറ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. മാർത്താണ്ഡം പോലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാഗർകോവിൽ ആശാരിപ്പള്ളം ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റ്മാർട്ടത്തിനുശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി.
അച്ഛൻ കെട്ടിട നിർമ്മാണ തൊഴിലാളിയാണ്. അമ്മ ഹരിത കർമ്മ സേന അംഗവുമാണ്.
