ജിദ്ദ – ശക്തമായ പേമാരിയെ തുടര്‍ന്ന് ജിദ്ദയിലെ നിരവധി റോഡുകള്‍ വെള്ളത്തില്‍ മുങ്ങി. കാറുകള്‍ അടക്കം നിരവധി വാഹനങ്ങള്‍ വെള്ളം കയറിയ റോഡുകളില്‍ കുടുങ്ങി. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോകള്‍ സാമൂഹികമാധ്യമ ഉപയോക്താക്കള്‍ പങ്കുവെച്ചു. അബ്ഹുറിലും മദീന റോഡിലും മറ്റു റോഡുകളിലും വാഹനങ്ങള്‍ കുടുങ്ങി. മദീന റോഡില്‍ ഡസന്‍ കണക്കിന് കാറുകളാണ് റോഡില്‍ കുടുങ്ങിയത്. വെള്ളം കയറിയ ഭാഗങ്ങളില്‍ നിന്ന് പുറത്തുകടക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ഡ്രൈവര്‍മാര്‍ കാറുകള്‍ റോഡില്‍ ഉപേക്ഷിച്ചു. ഇതേ തുടര്‍ന്ന് റോഡിന്റെ ഇരു ദിശകളിലും ഗതാഗതം തടസ്സപ്പെട്ടു.
അബ്ഹുറില്‍ വെള്ളം കയറിയ റോഡില്‍ കുടുങ്ങിയ ബസ് വിദേശ തൊഴിലാളികള്‍ കൂട്ടത്തോടെ തള്ളിനീക്കുന്നതിന്റെ വീഡിയോയും ദൃക്‌സാക്ഷികളില്‍ ഒരാള്‍ ചിത്രീകരിച്ച് പുറത്തുവിട്ടു. ഇന്ന് പുലര്‍ച്ചെ ഒരു മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ ജിദ്ദയില്‍ കനത്ത മഴക്ക് സാധ്യതയുള്ളതായി അറിയിച്ച് ദേശീയ കാലാവസ്ഥാ കേന്ദ്രം റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.
കനത്ത മഴയും കാറ്റും ചില വിമാന സര്‍വീസുകളെ ബാധിച്ചേക്കുമെന്ന് ജിദ്ദ എയര്‍പോര്‍ട്ട് അറിയിച്ചു. സര്‍വീസ് സമയവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ക്ക് വിമാന കമ്പനികളുമായി ആശയവിനിമയം നടത്തണമെന്ന് ജിദ്ദ എയര്‍പോര്‍ട്ട് യാത്രക്കാരോട് ആവശ്യപ്പെട്ടു
