കാസർകോട്: ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബെള്ളൂർ ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ പ്രജ്വൽ (14)ആണ് മരിച്ചത്. ബെള്ളൂർ, നെട്ടണിഗെ കുഞ്ചത്തൊട്ടിയിലെ ജയകര-അനിത ദമ്പതികളുടെ മകനാണ്. തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് 2.30നും നാലരക്കും ഇടയിലാണ് സംഭവം. മാതാവ് അനിത മുള്ളേരിയ സ്‌കൂളിൽ പഠിക്കുന്ന മകളെ കൂട്ടാൻ പോയതായിരുന്നു.
തിരിച്ചെത്തിയപ്പോഴാണ് പ്രജ്വലിനെ കിടപ്പുമുറിയിലെ ഹുക്കിൽ ഷാളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്‌ച പ്രജ്വൽ മാതാവിന്റെ വീട്ടിൽ പോയിരുന്നു. അവിടെ നിന്നാണ് ഇന്നലെ സ്കൂളിൽ പരീക്ഷയെഴുതാൻ എത്തിയത്. പരീക്ഷ ഉച്ചയ്ക്ക് ശേഷമാണെന്നു കരുതി 11 മണിയോടെയാണ് സ്‌കൂളിലെത്തിയത്.
എന്നാൽ പരീക്ഷ രാവിലെയായിരുന്നു. സമയം വൈകിയിട്ടും പ്രജ്വലിനെ പരീക്ഷ എഴുതാൻ അനുവദിച്ചിരുന്നുവെന്നാണ് സ്‌കൂൾ അധികൃതർ പൊലീസിനോട് പറഞ്ഞത്. പഠന കാര്യത്തിൽ ശരാശരിക്കാരനായ പ്രജ്വൽ മികച്ച പെരുമാറ്റത്തിനു ഉടമയായിരുന്നുവെന്ന് അധ്യാപകർ പറയുന്നു. എന്തിനാണ് ജീവനൊടുക്കിയതെന്നു അറിയാതെ വിങ്ങുകയായാണ് സഹപാഠികളും കുടുംബവും. സഹോദരി: പ്രയാഗ. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. ആദൂർ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
