ടോറസിന് സൈഡ് കൊടുക്കുന്നതിനിടെ കാനയിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് അപകടം

 


മൂവാറ്റുപുഴ: ബിഎംബിസി നിലവാരത്തിൽ ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കിയ തേക്കടി എറണാകുളം സ്റ്റേറ്റ് ഹൈവേയുടെ നെല്ലാട്-കിഴക്കമ്പലം റോഡിൽ മഞ്ചനാട് പാലം മുതൽ 500 മീറ്റർ കിഴക്കോട്ട് അശാസ്ത്രീയമായി റോഡ് ഉയർത്തി നിർമിച്ചതിനാൽ അപകടം പെരുകുന്നു. ബുധനാഴ്‌ച വെളുപ്പിന് ടോറസിന് സൈഡ് കൊടുക്കുന്നതിനിടെ ആഴം കൂടിയ സ്ലാബില്ലാത്ത കാനയിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാരന് പരിക്കേറ്റു. ഓടിക്കൂടിയ നാട്ടുകാർ മുൻഭാഗം തകർന്ന ഓട്ടോറിക്ഷ ഉയർത്തി റോഡിലേക്ക് മാറ്റി. ഒരുവശം പെരിയാർവാലിയുടെ കനാലും മറുഭാഗം പൂർത്തീകരിക്കാത്ത ആഴം കൂടിയ സ്ലാബ് ഇല്ലാത്ത ഓടയുമാണ് 2 വലിയ വാഹനങ്ങൾക്ക് കഷ്‌ടിച്ച്‌ കടന്നുപോകാൻ കഴിയുന്ന ഇവിടെ കാൽനടയാത്രക്കാരും, ഇരുചക്ര വാഹന യാത്രക്കാരും വളരെ പ്രയാസപ്പെട്ടാണ് കടന്നുപോകുന്നത്.


പരിചയമില്ലാത്ത വാഹനങ്ങൾ ഇവിടെ സ്ഥിരമായി അപകടത്തിൽപെടുന്നു.

ഇതിനോടകം രാത്രിയും പകലുമായി 25 ഓളം അപകടം നടന്നു കഴിഞ്ഞു. ഇതിന് പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ഒപ്പിട്ട ഭീമഹർജി മുഖ്യമന്ത്രിക്കും, പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും നൽകിയിരുന്നെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. രാത്രിയെന്നോ, പകലെന്നോ ഭേദമില്ലാതെ ഓടുന്ന ടോറസ്സുകൾ ഈ ഭാഗത്ത് വലിയ ഭീഷണിയാണ്. ഇവിടെയുള്ള മൂടിയില്ലാത്ത ഓടകൾ മണ്ണിട്ട് മൂടിയെങ്കിലും ഈ പ്രശ്‌നത്തിന് താൽക്കാലിക പരിഹാരം വേണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post