കൊൽക്കത്തയിൽ വെയർ ഹൗസിൽ തീപിടുത്തം; എട്ട് പേർ മരിച്ചു, നിരവധിപ്പേർക്ക് പരിക്ക്



കൊൽക്കത്ത: കൊൽക്കത്തയിൽ വെയർ ഹൗസിലുണ്ടായ തീപിടിത്തത്തിൽ എട്ട് പേർ മരിച്ചു.നിരവധിപ്പേർക്ക് പരിക്കേറ്റു. സൗത്ത് 24 പർഗാനാസിലാണ് തീപിടിത്തമുണ്ടായത്. തിങ്കളാഴ്‌ച പുലർച്ചെ മൂന്ന് മണിയോടെ ഡ്രൈ ഫുഡ് വെയർഹൗസിൽ തീപിടിത്തം ഉണ്ടായത്. 15 ഓളം ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിയാണ് തീയണച്ചത്. രണ്ടു വെയർ ഹൗസിലാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണവിധേയമായതോടെയാണ് ഗ്യാസ് കട്ടറുകൾ ഉപയോഗിച്ച് അഗ്നിശമന സേനാംഗങ്ങൾ കെട്ടിടത്തിനുള്ളിൽ പ്രവേശിച്ച് ആളുകളെ പുറത്തെത്തിച്ചത്.


വെയർഹൗസിനുള്ളിലേക്ക് എത്താൻ ഇടുങ്ങിയ ഇടവഴിയാണ് ഉണ്ടായിരുന്നത്. ഇതും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി. വെയർ ഹൗസിലുണ്ടായിരുന്ന ചിലരെ ഇനിയും കണ്ടെത്താനായിട്ടില്ല. അതേസമയം, ഗോഡൗണിൽ തീപിടിത്തം എങ്ങനെ ഉണ്ടായെന്ന് വ്യക്തമല്ല. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർ അകത്ത് കുടുങ്ങിക്കിടക്കുകയായിരുന്നു, കൂടാതെ ഗോഡൗണിൽ സുരക്ഷാ ജീവനക്കാരായി ജോലി ചെയ്തിരുന്ന ആറ് പേരും കുടുങ്ങിക്കിടന്നിരുന്നു.


ഗോഡൗണിന് പുറത്ത് നിന്ന് പൂട്ടിയിട്ടിരുന്നതിനാലാണ് അകത്തുള്ളവർക്ക് പുറത്തിറങ്ങാൻ കഴിയാത്തതെന്ന് നാട്ടുകാർ ആരോപിച്ചു. തീപിടിച്ച് അകത്ത് കുടുങ്ങിയതിന് പിന്നാലെ പലരും വീട്ടുകാരെ വിളിച്ച് വിവരം പറഞ്ഞിരുന്നു. തങ്ങളെ രക്ഷിക്കൂവെന്ന് അവർ വിളിച്ചു കരയുകയായിരുന്നുവെന്നും എത്തിയപ്പോഴേക്കും തീ പടർന്നുപിടിച്ചിരുന്നുവെന്നും അപകടത്തിൽപ്പെട്ടയാളുടെ ബന്ധു എൻഡിടിവിയോട് പറഞ്ഞു.

Post a Comment

Previous Post Next Post