തൊടുപുഴ (ഇടുക്കി): മണക്കാട് കുന്നത്തുപാറയിലെ ഭാര്യവീട്ടിലിരിക്കുമ്പോഴാണ് ഒരമ്മ വെള്ളത്തിൽ ഒഴുകിപ്പോയെന്ന് സമീപത്തെ വീട്ടിലെ കുട്ടി ഓടിവന്ന് അർജുൻ ബാബുവിനോട് പറഞ്ഞത്. പുഴക്കരയിലൂടെ ഓടിനോക്കിയപ്പോൾ പുഴയുടെ മധ്യഭാഗത്തായി ഒരു കൈ മുങ്ങിത്താഴുന്നു. നീന്തൽ അറിയാമെന്ന ആത്മവിശ്വാസത്തിൽ ഒന്നും നോക്കാതെ പുഴയിലേക്ക് ചാടി അർജുൻ ആ ജീവനെ വീണ്ടെടുത്തു. 65-കാരി ശാന്തയെന്ന വീട്ടമ്മയ്ക്ക് ഇത് രണ്ടാം ജന്മം.
മണക്കാട് കുന്നത്തുപാറ കടവിൽ ശനിയാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ് സംഭവം. ഭാര്യ കൃഷ്ണപ്രിയയുടെ വീട്ടിലെത്തിയതായിരുന്നു അർജുൻ. ഇതിന് സമീപത്തുള്ള കാക്കടവിൽ തുണി കഴുകുകയായിരുന്ന ശാന്ത ഒഴുകിപ്പോയ തുണി വീണ്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു. തൊടുപുഴയാറിലെ ഏറ്റവും അപകടം നിറഞ്ഞ ആറാട്ടു കടവിലേക്കാണ് ഒഴുകിപ്പോയത്. സംഭവമറിഞ്ഞ അർജുൻ കരയിലൂടെ അരകിലോമീറ്ററോളം ഓടി. സമീപത്തെ വില്ലയുടെ ഭാഗത്തെത്തിയപ്പോളാണ് പുഴയിൽ കൈ കണ്ടത്. വില്ലയിലെ സുരക്ഷാജീവനക്കാരൻ്റെ കൈയ്യിൽ ഫോൺ കൊടുത്തശേഷം പുഴയിലേക്ക് എടുത്തുചാടുകയായിരുന്നു.
ശ്വാസതടസ്സമുള്ള ശാന്ത ആ സമയം കുഴഞ്ഞുപോയിരുന്നു. വെള്ളം കുടിച്ച് അവശയുമായി. അർജുൻ ഇവരെ വെള്ളത്തിൽനിന്ന് ഉയർത്തി മറുകരയിലെത്തിച്ചു. ഇതിനിടെ ശാന്തയുടെ ഭർത്താവും രക്ഷിക്കാനായെത്തി. സംഭവമറിഞ്ഞ് എത്തിയ അഗ്നിരക്ഷാസേന ബോട്ടിൽ ഇവരെ കുന്നത്തുപാറയിലെത്തിച്ചു. തുടർന്ന് ശാന്തയെ തൊടുപുഴയിലെ ആശുപത്രിയിലേക്ക് മാറ്റി. പ്ലസ്‌ടുവിന് പഠിക്കുമ്പോൾ വണ്ടമറ്റം അക്വാട്ടിക് സെന്ററിൽ നീന്തൽ പരിശീലനം നടത്തിയ മണക്കാട് കുന്നത്തുപാറ മനയ്ക്കപ്പാറ വീട്ടിൽ അർജുൻ (30) സംസ്ഥാനതല നീന്തൽ മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് പിന്നാലെ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ ഉൾപ്പടെ അർജുനെ അഭിനന്ദിച്ചു.
