കോഴിക്കോട് ദേശീയപാതയിൽ താമരശ്ശേരി അമ്പായത്തോടിന് സമീപം കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ കബറടക്കം നാളെ നടക്കും.
ഐക്കരപ്പടി പെരിങ്ങാവ് വാഴയൂർ കോട്ടുപാടം സ്വദേശികളായ കോണത്ത് വീട്ടിൽ ബീഫാത്തിമ (80), മകൻ അബ്ദു റസാക്കിന്റെ ഭാര്യ റുബീന (42) എന്നിവരാണ് ഇന്ന് ഉച്ചയ്ക്ക് ശേഷമുണ്ടായ അപകടത്തിൽ മരിച്ചത്. നാലുപേർ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിന്റെ ആഘാതത്തിൽ പൂർണ്ണമായും തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെയും മരിച്ചവരെയും പുറത്തെടുത്തത്.
മരിച്ച റുബീനയുടെ മകൾ ഷംന, ഭർത്താവ് പെരുമണ്ണ സ്വദേശി മുബഷീർ എന്നിവർക്ക് അപകടത്തിൽ സാരമായ പരിക്കേറ്റു. ഇവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്.
സി.എം മഖാം സന്ദർശിച്ച് മടങ്ങുകയായിരുന്ന
കുടുംബം സഞ്ചരിച്ച വാഹനം അമ്പായത്തോട് വക്രത്തിൽ വെച്ച് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടം നടന്ന ഉടനെ ഓടിക്കൂടിയ നാട്ടുകാരും പോലീസും അഗ്നിരക്ഷാ സേനയും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.
ബീഫാത്തിമയുടെയും റുബീനയുടെയും മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം നാളെ (തിങ്കൾ) ഉച്ചയോടെ ബന്ധുക്കൾക്ക് വിട്ടുനൽകും. കബറടക്കം നാളെ ഉച്ചയ്ക്ക് പെരിങ്ങാവ് ജുമുഅത്ത് പള്ളി കബർസ്ഥാനിൽ നടക്കും.
