തൃശൂർ: ഒല്ലൂർ സെന്ററിൽ ചരക്കുലോറിയും ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസും കൂട്ടിയിടിച്ച് ആറുപേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഇന്നു പുലർച്ചെ 4.20 നായിരുന്നു അപകടം.
എറണാകുളം ഭാഗത്തുനിന്നു തൃശൂർ ഭാഗത്തക്കു വരികയായിരുന്ന അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന മിനി ബസിൽ മരത്താക്കര ഭാഗത്ത് നിന്നു ഒല്ലൂരിലേക്ക് വരികയായിരുന്ന ചരക്ക് ലോറി ഇടിക്കുകയായിരുന്നു. ബസ് ഓടിച്ചിരുന്ന ഡ്രൈവർക്കും ബസിൽ ഉണ്ടായിരുന്ന അഞ്ച് അയ്യപ്പ ഭക്തർക്കുമാണ് പരിക്കേറ്റത്. ഇതിൽ ഡ്രൈവറുടെ നില ഗുരുതരമാണ്
പരിക്കേറ്റവരെ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻവശം പൂർണമായും തകർന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കൗൺസിലർ പോളി ജോസ്, മരംതട്ട് യൂണിയൻ തൊഴിലാളികൾ, പോലീസ്, ഫയർഫോഴ്സ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ലോറി ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന ഹൈമാസ്റ്റ് ലൈറ്റിന്റെ തൂണിലിടിച്ച് തൂൺ ഒടിഞ്ഞുവീണു. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.
