പാലക്കാട് ഒറ്റപ്പാലം തൃക്കങ്ങോട് സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ സ്ഫോടകവസ്തുവിന് മുകളിലൂടെ കയറിയിറങ്ങി അപകടം. തൃക്കങ്ങോട് വിവേകാനന്ദ – ചാത്തൻ പറമ്പ് റോഡിൽ ഇന്ന് രാവിലെ 9.30-ഓടെയായിരുന്നു സംഭവം. മനിശ്ശേരി എ.യു.പി സ്കൂളിലെ കുട്ടികളുമായി പോയ ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഓട്ടോയുടെ ചക്രത്തിന് സമീപമുള്ള ഭാഗം തകർന്നു.
മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ റോഡരികിലുണ്ടായിരുന്ന വസ്തുവിന് മുകളിലൂടെ ഓട്ടോയുടെ ടയർ കയറുകയായിരുന്നു. വലിയ ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയാണ് ഉണ്ടായതെന്ന് ഡ്രൈവർ രാധാകൃഷ്ണൻ പറഞ്ഞു. കുട്ടികൾ പരിക്കേൽക്കാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കാട്ടുപന്നിയെ പിടിക്കാൻ വെക്കുന്ന പന്നിപ്പടക്കമാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. സ്കൂളിന് വെറും 200 മീറ്റർ മാത്രം അകലെയാണ് അപകടം നടന്നത്
