മുംബൈ ഛത്രപതി ശിവാജി രാജ്യാന്തര വിമാനത്താവളത്തിൽ എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങളുടെ ചിറകുകൾ കൂട്ടിയിടിച്ചു. വിമാനങ്ങളിൽ യാത്രക്കാരുണ്ടായിരുന്നെങ്കിലും എല്ലാവരും സുരക്ഷിതരാണ്. ഇന്ന് വൈകീട്ട് ഏഴ്മണിയോടെയാണ് അപകടമുണ്ടായത്. ടാക്‌സിവേയിൽ വച്ച് വിമാനങ്ങളുടെ ചിറകുകളുടെ അഗ്രങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. എയർ ഇന്ത്യയുടെ മുംബൈ-കോയമ്പത്തൂർ വിമാനവും ഇൻഡിഗോയുടെ ഹൈദരാബാദ്-മുംബൈ വിമാനവുമാണ് അപകടത്തിൽപ്പെട്ടത്.
സംഭവത്തിൽ വിമാനങ്ങളുടെ ചിറകുകൾക്ക് കേടുപാടുണ്ടായിട്ടുണ്ട്.
മുൻകരുതലെന്ന നിലയിൽ വിമാനം നിലത്തിറക്കി സാങ്കേതിക പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്.
ഗ്രൗണ്ട് കൺട്രോൾ വിഭാഗത്തിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്‌ചയെന്നാണ് പ്രാഥമിക വിലയിരുത്തൽ. അപകടത്തിൽ ആളപായം ഇല്ല. ഇരുവിമാനങ്ങളും സർവീസ് റദ്ദാക്കി.
യാത്രക്കാരെയെല്ലാം സുരക്ഷിതമായി വിമാനത്താവളത്തിലേക്ക് മാറ്റി.
യാത്രക്കാരെ ലക്ഷ്യസ്‌ഥാനത്തെത്തിക്കാൻ ബദൽ മാർഗങ്ങൾ സ്വീകരിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. ഡിജിസിഎ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
