കോഴിക്കോട്: മുക്കം പോലീസ് സ്റ്റേഷനിലെ എഎസ്ഐയെ കാണാനില്ലെന്ന് പരാതി. ബാലുശ്ശേരി പൂനത്ത് സ്വദേശി അബ്ദുൽ റഷീദിനെയാണ് കാണാതായത്.
ഇന്നലെ രാവിലെ പതിവുപോലെ ഡ്യൂട്ടിക്കായി വീട്ടിൽ നിന്നിറങ്ങിയതായിരുന്നു ഇദ്ദേഹം. എന്നാൽ, സ്റ്റേഷനിൽ എത്തിച്ചേർന്നില്ലെന്ന് വ്യക്തമായതോടെ ബന്ധുക്കളും സഹപ്രവർത്തകരും അന്വേഷണം ആരംഭിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ തിരച്ചിലിൽ താമരശ്ശേരി പോലീസ് സ്റ്റേഷന് സമീപം ഇദ്ദേഹത്തിന്റെ ഇരുചക്രവാഹനം കണ്ടെത്തി. വാഹനം ഇവിടെ ഉപേക്ഷിച്ച് ഇദ്ദേഹം ബസിൽ യാത്ര തുടർന്നതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
