ഊട്ടി: സെൽഫി എടുക്കുന്നതിനിടെ 150 അടി താഴ്ചയുള്ള കൊക്കയിൽ വീണ വിനോദസഞ്ചാരി അദ്ഭുതകരമായി രക്ഷപ്പെട്ടു. അപകടംനടന്ന് പത്തുമണിക്കൂറിനുശേഷം സൈന്യം അതിസാഹസികമായാണ് ഇയാളെ രക്ഷിച്ചത്ഊട്ടി-ഗൂഡല്ലൂർ ദേശീയപാതയോട് ചേർന്നുള്ള സൂചിമല വിനോദസഞ്ചാര കേന്ദ്രത്തിലായിരുന്നു അപകടം. ചെന്നൈ ചെങ്കൽപെട്ട സ്വദേശി ശിവഗുരുനാഥൻ (27) ആണ് മലമുകളിൽനിന്ന് സെൽഫി എടുക്കുമ്പോൾ കൊക്കയിൽ വീണത്. വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. സമീപത്ത് ആരും ഉണ്ടായിരുന്നില്ല. മണിക്കൂറുകൾ കഴിഞ്ഞ് ബോധം വന്നപ്പോൾ ശിവഗുരുനാഥൻ താൻ താമസിച്ച ലോഡ്‌ജ് അധികൃതരെ മൊബൈൽഫോണിൽ വിളിച്ച് വിവരം അറിയിച്ചു. അവർ പോലീസിലും വനംവകുപ്പിലും വിവരം നൽകി. അഗ്നിരക്ഷാ സേന, വനംവകുപ്പ്, പോലീസ് എന്നിവർ സ്ഥലത്തെത്തി ഡ്രോൺ ഉപയോഗിച്ച് പരിശോധിച്ചപ്പോൾ ശിവഗുരുനാഥൻ അവശനിലയിൽ കിടക്കുന്നത് കണ്ടെത്തി. അഗ്നിരക്ഷാസേന രക്ഷിക്കാൻ ശ്രമിച്ചെങ്കിലുംദുർഘടമായ സ്ഥലമായതിനാൽ സാധിച്ചില്ല.വന്യമൃഗശല്യം ഏറെയുള്ള സ്ഥലമായതിനാൽ വനംവകുപ്പ് അവിടെ തീകൂട്ടി സംരക്ഷണം ഒരുക്കി. ഇതിനിടെ വിവരമറിഞ്ഞ നീലഗിരി എം.പി. എ. രാജ കൂനൂരിലെ സൈനിക കേന്ദ്രത്തിന്റെ സഹായം അഭ്യർഥിച്ചു. തുടർന്ന് എം.ആർ.സി. യിൽനിന്ന്സൈന്യം സ്ഥലത്തെത്തി.പ്രാഥമിക ചികിത്സ നൽകാനായി സൈനിക കേന്ദ്രത്തിലെ ഡോ. കവിത കയറിന്റെ സഹായത്തോടെ ശിവഗുരുനാഥൻ അകപ്പെട്ടുകിടക്കുന്ന സ്ഥലത്തേക്ക് ഇറങ്ങി, പിന്നാലെ സൈനികരും. പ്രഥമശുശ്രൂഷ നൽകിയതിനുശേഷം സ്ട്രെച്ചറിൽ കിടത്തി അതിസാഹസികമായി ശിവഗുരുനാഥനെ മുകളിലെത്തിച്ചു. രക്ഷാപ്രവർത്തനം പൂർത്തിയാക്കുംവരെ കളക്‌ടർ ലക്ഷ്മിഭവ്യ തനീരു, എസ്.പി. എൻ. എസ്. നിഷ, ഗൂഡല്ലൂർ ഡി.എഫ്.ഒ. ദേവരാജ് എന്നിവർ സംഭവസ്ഥലത്ത് കാത്തുനിന്നു. ശരീരത്തിന്റെ പല ഭാഗത്തും പരിക്കുപറ്റിയ ശിവഗുരുനാഥനെ ഊട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
