താമരശ്ശേരി: കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ കാട്ടുപന്നി ആക്രമണത്തിൽ ബൈക്ക് യാത്രികരായ രണ്ടുപേർക്ക് പരിക്കേറ്റു. മാവൂർ പായൂർ സ്വദേശി ആഫിസ് (41), മകൾ ഫാത്തിമ നിഹ (10) എന്നിവർക്കാണ് പരിക്കേറ്റത്.
ഞായറാഴ്ച താമരശ്ശേരി മലപുറം യു.പി. സ്കൂളിന് മുൻവശത്തായിരുന്നു അപകടം. വയനാട് ഭാഗത്തുനിന്നും താമരശ്ശേരിയിലേക്ക് വരികയായിരുന്ന ഇവരുടെ ബൈക്കിലേക്ക് കാട്ടുപന്നി ഓടിക്കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ഇരുവരെയും ഉടൻതന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ പരിശോധനകൾക്കായി ഇരുവരെയും മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ദേശീയപാതയുടെ ഈ ഭാഗങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നത് യാത്രക്കാരെ ഭീതിയിലാഴ്ത്തുന്നുണ്ട്.
