പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു; നാടിന് നൊമ്പരമായി സിദ്ധാർത്ഥ്



കോഴിക്കോട്   പേരാമ്പ്ര: പാലേരിയിൽ കുറ്റ്യാടിപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. തിരുവള്ളൂർ പാലോളിപ്പറമ്പ് സ്വദേശി ബാലൻ-ഷിജി ദമ്പതികളുടെ മകൻ സിദ്ധാർത്ഥ് (15) ആണ് മരിച്ചത്. പാലേരി കൂനിയോട് താന്തോന്നിക്കടവ് ഭാഗത്ത് ശനിയാഴ്ച രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം.


​പാലേരിയിലുള്ള അമ്മയുടെ വീട്ടിൽ ഒരു മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു സിദ്ധാർത്ഥ്. രാവിലെ അമ്മയ്ക്കും മറ്റ് രണ്ട് കുട്ടികൾക്കുമൊപ്പം പുഴയിൽ ഇറങ്ങിയ സിദ്ധാർത്ഥ് അപ്രതീക്ഷിതമായി കയത്തിൽപ്പെടുകയായിരുന്നു. കൂടെയുള്ളവരുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ കുട്ടിയെ വെള്ളത്തിൽ നിന്നും പുറത്തെടുത്തെങ്കിലും അപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു.


തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു സിദ്ധാർത്ഥ്. അടുത്തിടെ നടന്ന SSLC പരീക്ഷ എഴുതി ഫലം കാത്തിരിക്കവെയാണ് ഈ ദാരുണ അന്ത്യം സംഭവിച്ചത്.

നിലവിൽ മൃതദേഹം പേരാമ്പ്ര താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സിദ്ധാർത്ഥിന്റെ അപ്രതീക്ഷിത വിയോഗം പാലേരിയിലും തിരുവള്ളൂരിലും വലിയ സങ്കടമായി മാറിയിരിക്കുകയാണ്.


Post a Comment

Previous Post Next Post