വാക്കുതര്‍ക്കം; മകന്‍ അമ്മയെ കഴുത്തറുത്തു കൊന്നു



കണ്ണൂര്‍ പേരാവൂരില്‍ അമ്മയെ മകൻ കഴുത്തറുത്തു കൊന്നു. കൊളക്കാട് താന്നിക്കുന്നിലെ മഠത്തിപറമ്പിൽ ഗീതമ്മ(50) യെയാണ് മകന്‍ ക്രിസ്റ്റി കൊലപ്പെടുത്തിയത്. വാക്കുതര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. രാത്രി പത്തരയോടെയാണ് സംഭവമുണ്ടായത്. കൃത്യത്തിന് പിന്നാലെ ക്രിസ്റ്റി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ക്രിസ്റ്റി ലഹരിക്കടിമയാണെന്ന് പൊലീസ് പറയുന്നു. മഹിളാ മോര്‍ച്ച ജില്ലാ കമ്മിറ്റിയംഗമാണ് കൊല്ലപ്പെട്ട ഗീതമ്മ.


ബെംഗളൂരുവിൽ ബിസിഎ വിദ്യാർത്ഥിയായിരുന്ന ക്രിസ്റ്റി പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് നാട്ടിലെത്തിയതാണ്. ഇയാൾ ലഹരിമരുന്നിന് അടിമയായിരുന്നു. ഗീതമ്മയുമായുള്ള വാക്കുതർക്കത്തിനൊടുവിൽ കിടപ്പുമുറിയിൽവച്ചാണ് ക്രിസ്റ്റി ആക്രമിച്ചത്. കൊലപാതകം നടക്കുന്ന സമയത്ത് തങ്കച്ചൻ വീട്ടിലുണ്ടായിരുന്നില്ല. കൊലയ്ക്കുശേഷം വീട്ടിൽ തങ്ങിയ ക്രിസ്റ്റി പിന്നീട് സമീപവാസിയായ യുവാവിനെ വിളിച്ചുവരുത്തി അയാളുടെ സ്കൂട്ടറിൽ കേളകം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പൊലീസെത്തിയാണ് ഗീതമ്മയെ ആശുപത്രിയിലേക്ക് മാറ്റിയത്.


ഗീതമ്മയുടെ മൃതദേഹം പേരാവൂർ താലൂക്കാശുപത്രിയിലേക്ക് മാറ്റി. ഗീതമ്മ കേളകത്തും താന്നിക്കുന്നിലും ബ്യൂട്ടി പാർലറും ടെയ്‌ലറിങ് ഷോപ്പും നടത്തിയിരുന്നു. ക്രിസ്റ്റിയെക്കൂടാതെ ഗീതമ്മയ്ക്ക് ഒരു മകൾകൂടിയുണ്ട്. പേരാവൂർ ഡിവൈഎസ്പി ചന്ദ്രമോഹൻ, കേളകം എസ്എച്ച്ഒ ഇതിഹാസ് താഹ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.



Post a Comment

Previous Post Next Post