കൊച്ചി കിഴക്കമ്പലം: സംസ്ഥാനത്ത് ചൂട് കഠിനമായി തുടരുന്നതിനിടെ, നിർത്തിയിട്ടിരുന്ന ബൈക്കിന് തീപിടിച്ചു. പഴങ്ങനാട് സമരിറ്റൻ ആശുപത്രിക്ക് മുന്നിലെ പാർക്കിംഗ് ഏരിയയിൽ വെച്ചിരുന്ന ബൈക്കിന്റെ സീറ്റാണ് കനത്ത ചൂടിൽ ഉരുകി കത്തിയത്.
ഇന്ന് ഉച്ചയോടെയാണ് സംഭവം. ആശുപത്രി ആവശ്യങ്ങൾക്കായി എത്തിയ ആളുടെ ബൈക്കിനാണ് തീപിടിച്ചത്. സീറ്റിലെ അപ്‌ഹോൾസ്റ്ററിയിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാർ ഉടൻ തന്നെ ഫയർ എക്സ്റ്റിൻഗ്യൂഷർ ഉപയോഗിച്ച് തീ അണയ്ക്കുകയായിരുന്നു.
ബൈക്കിന്റെ ടാങ്കിന് സമീപത്തേക്ക് തീ പടരുന്നതിന് മുൻപ് തന്നെ സെക്യൂരിറ്റി ജീവനക്കാർ ഇടപെട്ടതിനാൽ വലിയൊരു അപകടമാണ് ഒഴിവായത്. സമീപത്ത് മറ്റ് വാഹനങ്ങളും പാർക്ക് ചെയ്തിരുന്നു.
വേനൽക്കാലത്ത് വാഹനങ്ങൾ നേരിട്ട് വെയിൽ കൊള്ളുന്ന രീതിയിൽ ദീർഘനേരം പാർക്ക് ചെയ്യുന്നത് അപകടസാധ്യത വർദ്ധിപ്പിക്കുന്നുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
ശ്രദ്ധിക്കുക: വേനൽക്കാലത്ത് വാഹനങ്ങൾ തണലിൽ പാർക്ക് ചെയ്യാൻ ശ്രമിക്കുകയോ, സീറ്റുകൾ കവർ ഉപയോഗിച്ച് സംരക്ഷിക്കുകയോ ചെയ്യുന്നത് ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കും.
